ഇസ്ലാമാബാദ്: പ്രണയദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാകിസ്താനില്‍ പൊതു ഇടങ്ങളില്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വിലക്ക്. ഫെബ്രുവരി 14 ന് യാതൊരു വിധ വാലന്റൈന്‍സ് ഡേ ആഘോഷങ്ങളും പാടില്ലെന്ന് ഇസ്‍ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ആഗോളതലത്തില്‍ 14ന് ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ പാകിസ്താനില്‍ നിരോധിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളും വാര്‍ത്തകളും, പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. പാക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തും.

വാലന്റൈന്‍സ് ഡേ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിപ്പിക്കുന്നത് ഇസ്‍ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വാഹീദ് എന്നയാള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി. തുടര്‍ന്നാണ് പ്രചരണവും പൊതു ഇടങ്ങളിലെ ആഘോഷവും നിരോധിച്ച് കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വാലന്റൈന്‍സ് ഡേ ആഘോഷങ്ങളെ കുറിച്ച് സമ്മിശ്ര സമീപനമാണ് പാകിസ്താനില്‍ ഉള്ളത്. ചിലര്‍ പ്രണയദിനാഘോഷത്തെ പിന്തുണയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രതിഷേധങ്ങളുമായി ഇതിനെ എതിര്‍ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ