/indian-express-malayalam/media/media_files/uploads/2017/04/Kulbhushan-Jadhav.jpg)
ഇസ്ലമാബാദ്: ചാരവൃത്തി, തീവ്രവാദ പ്രവർത്തനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽബുഷൻ ജാദവ്, സൈനിക കോടതി ശിക്ഷ വിധിച്ചതിനെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാൻ വിസമ്മതിച്ചതായി പാകിസ്ഥാൻ സർക്കാർ അറിയിച്ചു.
ഇതിന് പിന്നാലെ രൂക്ഷമായ വിമർശനവുമായി ഇന്ത്യ രംഗത്തെത്തി. അവലോകന നിവേദനം നൽകാൻ ജാദവ് വിസമ്മതിച്ചു എന്ന പാകിസ്ഥാന്റെ അവകാശവാദം കഴിഞ്ഞ നാല് വർഷമായി നടത്തുന്ന കളികളുടെ പ്രഹസനത്തിന്റെ തുടർച്ചയാണ് എന്ന് ഇന്ത്യ പറഞ്ഞു. പരിഹാരത്തിന്റെ ഒരു മിഥ്യാധാരണ സൃഷ്ടിക്കാൻ മാത്രമാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാന്‍ ആണ് പാകിസ്താന്‍ ശ്രമമെന്നും കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കാനായി സര്‍ക്കാര്‍ ഉചിതമായ വഴികള്‍ എല്ലാം തേടുമെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ നേരത്തേ രാജ്യാന്തര നീതിന്യായ കോടതി പാക്കിസ്ഥാനെ വിമർശിച്ചിരുന്നു. പാക്കിസ്ഥാൻ വിയന്ന കരാര്‍ ലംഘിച്ചെന്നായിരുന്നു കോടതിയുടെ വിമർശനം. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നും രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയുണ്ട്.
ജാദവിനായി ഒരു ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഐഎച്ച്‌സിയിൽ അപ്പീൽ സമർപ്പിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട കോടതിയുടെ ലൈസൻസ് കൈവശമുള്ള അഭിഭാഷകന് മാത്രമേ അദ്ദേഹത്തെ പ്രതിനിധീകരിക്കാൻ കഴിയൂ എന്ന് പാകിസ്ഥാൻ അധികൃതർ പറഞ്ഞു.
തന്റെ ദയാഹരജിയുമായി മുന്നോട്ട് പോകാനാണ് കുല്‍ഭൂഷണ്‍ താല്‍പര്യപ്പെടുന്നതെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ജൂണ്‍ 17ന് കുല്‍ഭൂഷണിനെതിരെയുള്ള വിധിയില്‍ പുനപരിശോധന ഹരജി നല്‍കാന്‍ വേണ്ടി ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ കുല്‍ഭൂഷണ്‍ ഇത് നിഷേധിക്കുകയുമായിരുന്നെന്ന് പാകിസ്താന്‍ അഡീഷണല്‍ ജനറല്‍ സെക്രട്ടറി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിലെ വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.