ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്ത്. മോദിക്ക് പാക്കിസ്ഥാനുമായി രഹസ്യബന്ധം ഉണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് കേജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോ പാക്കിസ്ഥാന്‍ 40 സൈനികരെ കൊലപ്പെടുത്തിയതെന്ന് എല്ലാവരും സംശയം ഉന്നയിക്കുന്നതായി കേജ്രിവാള് ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചയ്‌ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഒരു അഭിമുഖത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി നയിക്കുന്ന സർക്കാറാണ് അടുത്തതായി വരാൻ പോകുന്നതെങ്കിൽ കാശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഒരു ഒത്തുതീർപ്പ് ആവശ്യപ്പെടാൻ ഭയമായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
‘ഒരു പക്ഷേ വലതുപക്ഷ പാർട്ടിയായ ബി.ജെ.പി ജയിക്കുകയാണെങ്കിൽ കാശ്‌മീർ വിഷയത്തിൽ ചില തരത്തിലുള്ള ഒത്തുതീർപ്പിൽ എത്തിച്ചേരാനിടയുണ്ട്. ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കാണേണ്ടിവരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.