ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി തർക്കം തുടരുന്ന കാശ്മീർ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊണ്ടുപോകാൻ പാക്കിസ്ഥാന് സാധിക്കില്ലെന്ന് ഇന്ത്യ. വിഷയം ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചയിലൂടെ ഒത്തുതീർക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ ഭീകരവാദവും സംസാരവും ഒന്നിച്ചുപോകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

കേന്ദ്രസർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ നേട്ടങ്ങളെ കുറിച്ച് വാർത്താ സമ്മേളനം നടത്തുകയായിരുന്നു മന്ത്രി. “പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇങ്ങിനെ മാത്രമേ കാശ്മീർ തർക്കം പരിഹരിക്കാനാവൂ. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വിഷയം കൊണ്ടുപോകാൻ പാക്കിസ്ഥാന് സാധിക്കില്ല” സുഷമ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെ നിയമകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കാശ്മീർ വിഷയത്തിൽ ഈയിടെ പാക് നിലപാട് വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പ്രശ്നം ഉന്നയിക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

“പാക്കിസ്ഥാനോട് ഇന്ത്യ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടിൽ യാതൊരു തെറ്റുമില്ല. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കാര്യത്തിലെടുത്ത തീരുമാനങ്ങൾ വളരെ കൃത്യമായിരുന്നു. ഉഭയകക്ഷി ചർച്ചകൾക്കൊപ്പം ഭീകരവാദം ഒരിക്കലും ചേർന്ന് പോകില്ല.” മന്ത്രി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ