സമാധന ചർച്ചകൾക്കായി നിരന്തരം പാക് നേതാക്കൾ ക്ഷണം തുടരുന്നതിനിടയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തെ ചെറുക്കാൻ ഒറ്റയ്ക്ക് സാധിക്കുകയില്ലെങ്കിൽ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം തേടമെന്നാണ് രാജ്നാഥ് സിങ് പറഞ്ഞത്.

“ജമ്മു കാശ്‍മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെ തുടരും. എന്നാൽ ജമ്മു കാശ്‍മീർ അല്ല ഭീകരവാദമാണ് ഇവിടെ വിഷയം. അതിനെ കുറിച്ച് പാക്കിസ്ഥാനുമായി ചർച്ചയ്ക്ക തയ്യാറാണ്. അഫ്ഗാനിസ്ഥാൻ അമേരിക്കയുടെ സഹായത്തോടെ ഭീകരവാദത്തിനെതിരെയും താലിബാനെതിരെയും പോരാടിയത് പോലെ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായവും തേടാം,” രാജ്നാഥ് സിങ് പറഞ്ഞു.

കർത്താപൂർ ഇടനാഴി നിർമ്മാണം ആരംഭിച്ചത് മുതൽ സമാധാന ചർച്ചകൾക്കായി നിരന്തരം അവശ്യം ഉന്നയിക്കുകയാണ് പാക്കിസ്ഥാൻ. ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചക്കോടിയിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സുഷമ വ്യക്തമാക്കിയത്.

അതേസമയം, കര്‍ത്താര്‍പൂര്‍ പാത നിര്‍മ്മിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ സുഷമ സ്വാഗതം ചെയ്തു. എന്നാല്‍ സുഷമ ക്ഷണം സ്വീകരിച്ച് പാക്കിസ്ഥാനിലേക്ക് പോയില്ല, പകരം കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലിനേയും ഹര്‍ദീപ് സിങ് പുരിയേയുമാണ് അയച്ചത്. തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാനാകാത്തതെന്നായിരുന്നു സുഷമ അറിയിച്ചത്. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ഇപ്പോള്‍ പാക്കിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. എന്നാല്‍ നയതന്ത്ര തര്‍ക്കങ്ങളില്‍ കുരുങ്ങി അത് ഇതുവരെ നടപ്പായിരുന്നില്ല.

”വര്‍ഷങ്ങളായി ഈ പാതയ്ക്കായി ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് അവര്‍ സമ്മതിച്ചത്. ഇതുകൊണ്ട് മാത്രം ചര്‍ച്ച നടക്കില്ല. തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല” സുഷമ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ