ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകന്‍ ജമാഅത്- ഉദ്ദവ നേതാവ് ഹാഫിസ് സയീദിന്റെ കീഴിലുളള ‘തെഹരീകി ആസാദ്’ ഭീകരസംഘടനയ്ക്ക് പാക്കിസ്ഥാന്റെ നിരോധനം. ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി.
വീട്ടുതടങ്കലിലുളള ഹാഫിസ് സയീദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെഹരീകി ആസാദ് നടത്തിയ റാലികളും പ്രതിഷേധ പ്രകടനങ്ങളും ശ്രദ്ധ നേടിയിരുന്നു. അറസ്റ്റിലാകുന്നതിന് ഒരാഴ്ച്ച മുമ്പാണ് ഹഫീസ് പുതിയ ഭീകരസംഘടനയുടെ പ്രഖ്യാപനം നടത്തിയിരുന്നത്. ജമാഅത്തുദ്ദവയെ പാക് സര്‍ക്കാര്‍ നിരോധിക്കുമെന്ന വിവരങ്ങള്‍ ലഭിച്ചത് പ്രകാരം ഇത് മറികടക്കാനായിരുന്നു ഹഫീസ് പുതിയ സംഘടന പ്രഖ്യാപിച്ചത്.
പ്രൊഫ. മാലിക് സഫാർ ഇക്ബാൽ, അബ്ദുർ റഹ്മാൻ ആബിദ്, ഖ്വാസി കഷിഫ് ഹുസൈൻ, അബ്ദുള്ള ഉബൈദ് തുടങ്ങിയവരാണ് സയീദിന്റെ മറ്റ് കൂട്ടാളികള്‍. ഇവര്‍ വീട്ടുതടങ്കലിലാണ്. രാജ്യത്തെ സുരക്ഷയും സമാധാനവും പരിഗണിച്ചാണ് കഴിഞ്ഞ ജനുവരി 30ന് സയീദിനേയും മറ്റ് നാല് നേതക്കളെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.
അമേരിക്കയില്‍ ട്രപ് ഭരണകൂടം അധികാരത്തില്‍ ഏറിയതിന് പിന്നാലെയാണ് സയീദിനെ പാകിസ്താന് കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണമാണ് സയീദിനെതിരെ നടപടി എടുത്തതെന്നാണ് കരുതുന്നത്.