ഇസ്ലാമാബാദ്: കാശ്മീർ, സിയാച്ചിൻ, സിർ ക്രീക്ക് എന്നീ തർക്ക വിഷയങ്ങളിൽ ചർച്ചയ്ക്ക് ഇന്ത്യയുടെ മറുപടി കാത്തിരിക്കുകയാണെന്ന് പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ സമാധാനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അതിർത്തി കടന്ന് ആക്രമിക്കുന്ന ഇന്ത്യൻ സൈന്യം അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നുമാണ് പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാൻ്റെ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര തലത്തിൽ സമാധാനത്തിന് വേണ്ടി പരിശ്രമിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കേണ്ട ബാധ്യത തങ്ങളുടെ പട്ടാളത്തിനുണ്ടെന്നും പറഞ്ഞു.

2016 ജനുവരി 2 ന് പത്താൻകോട്ടിൽ ആക്രമണമുണ്ടായതിന് ശേഷം അതിർത്തി സംഘർഷഭരിതമാണ്. ഏഴ് ഇന്ത്യൻ സൈനികരാണ് ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഉറിയിലും ഭീകരാക്രമണമുണ്ടായി. പാക് അധീന കാശ്മീരിലേക്ക് കടന്നുചെന്ന ഇന്ത്യൻ സൈനികർ അവിടെ കനത്ത നാശം വിതച്ചിരുന്നു.

ഇന്ത്യ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതിനെയും പാക്കിസ്ഥാൻ വക്താവ് വിമർശിച്ചു. ഇക്കാര്യം പാക്കിസ്ഥാനെ മുൻകൂറായി അറിയിക്കേണ്ടതായിരുന്നുവെന്നും ഇത് പാക്കിസ്ഥാന് മേലുള്ള ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ