ന്യൂഡൽഹി: നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടു. പാക്ക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ”നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകൾ പാക്ക് സൈന്യം തകർത്തതിന്റെ വിഡിയോ ദൃശ്യം. സാധാരണ ജനങ്ങൾക്കുനേരെ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിനുളള തിരിച്ചടി” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പുറത്തുവിട്ടത്.

അഞ്ചു ഇന്ത്യൻ സൈനികരെ വധിച്ചെന്ന അവകാശവാദത്തിനുപിന്നാലെയാണ് സൈനിക പോസ്റ്റുകളും ആക്രമിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ രംഗത്തെത്തിയത്. നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ഇന്ത്യ ലംഘിച്ചതിനെത്തുടർന്ന് നടത്തിയ വെടിവയ്പിൽ അഞ്ചു ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചിരുന്നു. സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്റെ വാദം പൂർണമായും തെറ്റാണെന്നും ഇന്ത്യൻ സേനയ്ക്കു യാതൊരു പരുക്കുകളും ഉണ്ടായിട്ടില്ലെന്നും മുതിർന്ന സേനാ ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിഡിയോ ദൃശ്യം പാക്കിസ്ഥാൻ പുറത്തുവിട്ടത്.

അതേസമയം, പുറത്തുവന്ന ദൃശ്യത്തിന്റെ ആധികാരികതയെ കുറിച്ച് ഒരു വ്യക്തതയുമില്ല. ഇതിനു മുൻപും ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ നടത്തിയ ആക്രമണം എന്ന തരത്തിലുളള വിഡിയോകൾ പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ