ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഇന്ത്യ പാക്ക് അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവയ്പ് തുടരുന്നു. കശ്മീരിലെ മെന്ദർ അതിർത്തി പ്രദേശത്താണ് ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി വെടിവയ്പ് നടന്നത്. അതിനിടെ ഷോപിയാൻ ജില്ലയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ കടന്ന തീവ്രവാദികൾ അഞ്ച് തോക്കുകൾ മോഷ്ടിച്ചതായി റിപ്പോർട്ടുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി ബന്ധം വഷളായ സാഹചര്യത്തിൽ ശക്തമായ സൈനിക നീക്കമാണ് ഇന്ത്യ ആലോചിക്കുന്നത്. രണ്ട് ജവാന്മാരെ വധിച്ച് മൃതദേഹം വികൃതമാക്കിയതിന് പിന്നാലെ ഇവിടെ യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം രണ്ട് ലക്ഷം മുതൽ രണ്ടേ കാൽ ലക്ഷം വരെ സൈനികരെ അതിർത്തിയിൽ വിന്യസിക്കാനുള്ള ആലോചനയിലാണ് ഇന്ത്യൻ സൈന്യം.

ഇന്ത്യൻ ജവാന്മാരോട് കാണിച്ച ക്രൂരതയ്ക്ക് ഏത് വിധത്തിലുള്ള ആക്രമണം നടത്താനും കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ വൻ സൈനിക നീക്കത്തിന് ഇന്ത്യ ഒരുങ്ങുന്നത്.

സൈനികരുടെ എണ്ണത്തിലുള്ള മേൽക്കോയ്മയിലൂടെ പാക്കിസ്ഥാനെ ഭയപ്പെടുത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ഏകദേശം 1-1.25 ലക്ഷം സൈനികരെ അതിർത്തിയിൽ അണിനിരത്താനുള്ള ശേഷി മാത്രമാണ് പാക്കിസ്ഥാനുള്ളത്. ഇരട്ടിയോളം സൈനിക കരുത്തുള്ളത് ഇന്ത്യയ്ക്ക് മാനസികമായി മേൽക്കോയ്മ നൽകും.

ഹാജി പിറിൽ പാക്ക് പട്ടാള മേധാവി ഖമർ ജാവേദ് ബജ്‌വ ഏപ്രിൽ 30 ന് സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ മേഖലയിൽ അതിർത്തി കടന്നുവന്ന പാക്ക് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ചത്. ആദ്യം വെടിവച്ച് വീഴ്‌ത്തിയ ശേഷം അതിർത്തി കടന്നെത്തിയ പാക്ക് പട്ടാളക്കാർ ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ