ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ കൊന്നശേഷം മൃതദേഹം വികൃതമാക്കാൻ പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിനു (BAT) നിർദേശം നൽകിയത് പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബാജ്‌വയെന്ന് റിപ്പോർട്ട്. ഏപ്രിൽ 17 ന് രജൗരിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനു പകരമായി ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിരുന്നു. ഇതിൽ പത്തോളം പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 30 ന് പാക്ക് സേനാ മേധാവി ഹാജ് പിറിലെ പാക്കിസ്ഥാൻ സൈനികരുടെ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ഇതിനുപിന്നാലെയാണ് ഇന്ത്യൻ സേനയ്ക്കുനേരെ ആക്രമണം ഉണ്ടായതെന്ന് ഇന്റലിജൻസ്, സൈനിക വൃത്തങ്ങൾ ദ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയശേഷം പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം ഇന്ത്യൻ അതിർത്തിയിൽ 250 മീറ്ററോളം ഉളളിൽക്കടന്നു. ഇന്ത്യൻ സൈനികർ പെട്രോൾ നടത്തുന്നതുവരെ മണിക്കൂറുകളോളം കാത്തിരുന്നു. ”പട്രോളിങ് സംഘത്തിലുൾപ്പെട്ട ഏഴോ എട്ടോ ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തുകയായിരുന്നു പാക്ക് സൈന്യത്തിന്റെ ലക്ഷ്യം. എന്നാൽ അപ്രതീക്ഷിതമായി ആക്രമണമുണ്ടായപ്പോൾ പട്രോളിങ് സംഘത്തിലെ സൈനികർ ഓടി മറഞ്ഞു. ഇതിനിടയിൽ രണ്ടു സൈനികർ ഒറ്റപ്പെട്ടുപോയി. ഇവരെയാണ് ബോർഡർ ആക്ഷൻ ടീം കൊലപ്പെടുത്തിയതെന്നും” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തല വെട്ടിമാറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ