ലണ്ടൻ: പാകിസ്താന്‍ ഇന്റർനാഷണൽ എയർലൈൻസിലെ (പി.ഐ.എ) 14 ജീവനക്കാരെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. സുരക്ഷാ രണ്ടര മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്തതായാണ് വിവരം. പികെ 785 വിമാനത്തിലെ പൈലറ്റ് അടക്കമുള്ള 14 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച വിമാനം ലാൻഡ് ചെയ്തയുടനെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്.

ഇസ്ലാമാബാദിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.50ന് ലണ്ടനിൽ എത്തിയ വിമാനത്തിലെ ജീവനക്കാരാണ് ഇവർ. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷമാണ് ജീവനക്കാരെ താൽക്കാലികമായി തടഞ്ഞുവച്ചതും ചോദ്യം ചെയ്തതും. വിമാനത്തിൽ വിശദപരിശോധന നടന്നതായും പി.ഐ.എ (പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്) വക്താവ് മഷ്ഹൂദ് താജ്വാറിനെ ഉദ്ധരിച്ച് പാക് മാധ്യമം ഡോൺ റിപ്പോർട്ട് ചെയ്തു. എന്തിനാണ് തടഞ്ഞുവെച്ചതെന്ന് അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു.

എന്നാല്‍ സുരക്ഷ സംബന്ധിച്ച കാരണങ്ങളാലാണ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തതെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. വിമാന ജീവനക്കാരുടെ പാസ്പോര്‍ട്ടുകളും പൊലീസ് പിടിച്ചെടുത്തതായി ജിയോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ