കറാച്ചി വിമാനത്താവളത്തിനു സമീപം പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസിന്റെ വിമാനം അപകടത്തിൽ പെട്ടു. 90 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 98 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്  ഡോൺ റിപ്പോർട്ട് ചെയ്തു.  വിമാനം നിലംപിച്ചത് ലാൻ്ഡ് ചെയ്യാൻ ഒരുമിനുറ്റ് ശേഷിക്കേയാണ്. അപകടത്തിൽ നിരവധി പേർ മരിച്ചിരിക്കാൻ സാധ്യതയുള്ളതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയയായ ജിന്നാ ഗാർഡന് സമീപമാണ് വിമാനം തകർന്നുവീണത്. അപകട സ്ഥലത്തുനിന്ന് 60 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

ലാഹോറിൽനിന്ന് കറാച്ചിയിലേക്കുള്ള വിമാനമാണ് അപകടത്തിൽപെട്ടതെന്ന് പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് വക്താവ് അബ്ദുൽ സത്താർ അറിയിച്ചതായി ഡോൺ റിപോർട്ട് ചെയ്തു. നമ്പർ 8303 പിഐഎ വിമാനത്തിൽ 98 പേരായിരുന്നു അപകടസമയത്തുണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു.വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പിഐഎ സിഇഒ അർഷാദ് മാലിക് പറഞ്ഞു.

Read More: ബെംഗളൂരുവിനെ നടുക്കി ദുരൂഹശബ്ദം; അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്‌

വിമാനത്തിന്റെ പൈലറ്റ്  അപകടമുന്നറിയിപ്പ്  നൽകിയിരുന്നതായി എയർ ട്രാഫിക് മോണിറ്ററിങ്ങ് സൈറ്റായ ‘ലൈവ്എടിസി.നെറ്റ്’ റിപോർട്ട് ചെയ്തു. വിമാനത്തിലെ എഞ്ചിനുകളിലെ പവർ നിലച്ചെന്നായിരുന്നു പൈലറ്റ് സന്ദേശം നൽകിയത്. “മെയ്‌ഡേ, മെയ്‌ഡേ” എന്ന് വിളിച്ച് തുടർന്ന് അപായ സൂചന നൽകി. 12 സെകൻഡിനുള്ളിൽ വിമാനത്തിൽനിന്നുള്ള ആശയ വിനിമയം നിലച്ചെന്നും വെബ്സൈറ്റിൽ പറയുന്നു. വയർലെസ് ഉപയോഗ ചട്ടം പ്രകാരം അപകട സൂചന നൽകുന്നതിനുള്ള കോഡ് നാമങ്ങളിലൊന്നാണ് മെയ്ഡേ.

വിമാനാപകടത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഞെട്ടൽ രേഖപ്പെടുത്തി. എയർലൈൻസ് മേധാവി അർഷാദ് മാലിക്കുമായി നിരന്തര സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കറാച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇംറാൻ ഖാൻ അറിയിച്ചു.

സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും പരിക്കേറ്റവർക്ക് പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


അപകട സ്ഥലത്തുനിന്ന് പുകയുയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആംബുലൻസുകളും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി. സ്ഥലത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപോർട്ട്.

Read More: രണ്ടാം പാദത്തില്‍ 45% ഇടിവോടെ ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്ക്: ഗോള്‍ഡ്മാന്‍ സാക്സ്

വിമാനാവശിഷ്ടങ്ങളിൽനിന്നും സമീപത്തെ വീടുകളിൽ നിന്നും പുക ഉയരുന്നുണ്ട്. സമീപ വീടുകളിലെ 25 പേരെ ആശുപത്രികളിലേക്ക് മാറ്റി.

വിമാനത്തിന്റെ ചിറകുകളിലൊന്നിൽനിന്ന് തീ പടർന്നതായി കണ്ടതായി പ്രദേശവാസികളിലൊരാൾ പറഞ്ഞു. വിമാത്തിന്റെ ചിറകുകളുടെ ഭാഗങ്ങൾ ചില വീടുകളുടെ മുകളിലും പതിച്ചിട്ടുണ്ട്.

പ്രാദേശിക ഉദ്യോഗസ്ഥർക്കൊപ്പം സേനയുടെ ദ്രുത പ്രതിരോധ വിഭാഗവും രക്ഷാ പ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. പാകിസ്ഥാൻ റേഞ്ചേഴ്സും സ്ഥലത്തെത്തിയെന്ന് സേനാ വക്താവ് പറഞ്ഞു.

സംഭവത്തിന് ശേഷം കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും ആരോഗ്യ, ജനസംഖ്യാ ക്ഷേമ മന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.

2016 ഡിസംബറിനു ശേഷം പാകിസ്താനിലുണ്ടാവുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്. 2016 ഡിസംബർ ഏഴിന് പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എടിആർ-42 വിമാനം ചിത്രലിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പറക്കുന്നതിനിടെ തകർന്നിരുന്നു. 48 യാതക്കാരും വിമാന ജീവനക്കാരും അന്ന് മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook