ഇസ്ലാമാബാദ് : ആണവായുധങ്ങൾ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാൻ ഇന്ത്യ മനപ്പൂർവ്വം ശ്രമിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു.
കേന്ദ്ര പൊതു ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് നൽകിയ നീക്കിയിരിപ്പാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ കുറ്റപ്പെടുത്തലിന് പിന്നിൽ. ഇത്രയധികം തുക പ്രതിരോധ രംഗത്തേക്ക് ഒഴുക്കുന്നത് ആണവായുധങ്ങൾ ശേഖരിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ അത്യാവശ്യമാണെന്നും ഇന്ത്യയുടെ കൈവശമുള്ള ആയുധശേഖരത്തിന് മേൽ നിരന്തര നിരീക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപപ്പെട്ടു.
ഇന്ത്യ-പാക് അതിർത്തിയിൽ പാക്കിസ്ഥാന്റെ സമാധാന ശ്രമങ്ങൾ ഇന്ത്യ ഇല്ലാതാക്കുകയാണ്. ഈ നിലപാട് തിരുത്തി, പാക്കിസ്ഥാന്റെ സമാധാനശ്രമങ്ങളോട് ഇന്ത്യ പൂർണ്ണമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.