ജെനീവ: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ പണിശാലയാണ് പാകിസ്ഥാനെന്ന് പറഞ്ഞ ഇന്ത്യ അയല്‍രാജ്യം അതിന്റെ തീവ്രവാദ നയങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്നും ആരോപിച്ചു. പാകിസ്ഥാന്‍ ഭീകരവാദം പടര്‍ത്തുകയാണ്. കശ്മീരിലെ ചില പ്രദേശങ്ങള്‍ പാകിസ്ഥാന്‍ അനധികൃതമായി കൈയടക്കി വെച്ചിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പിന്മാറണമെന്നും യുഎന്നില്‍ ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കാണിക്കുന്ന ശത്രുതയ്ക്ക് മൂക്കുകയറിടണം. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനുള്ള ശ്രമത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറണം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ മുതിരരുതെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു. കശ്മീരില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന പാക് നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തകര്‍ക്കുകയാണ് പാകിസ്ഥാന്‍. ഭീകരവാദ്തിന്റെ പണിശാല എന്നതിലുപരി സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെ കൈകാര്യം ചെയ്ത് ഇല്ലാതാക്കുകയാണ് പാകിസ്ഥാന്‍. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ഷിയ, അഹമദിയാ വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രിമാരും, രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും, ക്രിക്കറ്റ് ടീം നായകന്മാരും, ബോളിവുഡ് താരങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വന്നവരുണ്ട്. എന്നാല്‍ പാകിസ്ഥാന് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടാന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് നിഴലുപോലും ഇല്ലെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന് പാകിസ്ഥാന്റെ കുറ്റപ്പെടുത്തലിന് മറുപടി പറയുകയായിരുന്നു ഇന്ത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook