/indian-express-malayalam/media/media_files/uploads/2019/12/Ramish-Sidra.jpg)
ലുധിയാന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം തുടരുന്നിതിനിടെ, വിസ പ്രശ്‌നം മൂലം ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം താമസിക്കാനാവാതെ പാക് യുവതി. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖൗ പ്രവിശ്യയിലെ സിദ്ര റഫീഖാ(32)ണ് നൈനിറ്റാളിലെ ഹല്‍ദ്വാനി സ്വദേശിയായ ഭര്‍ത്താവ് രമിഷ് അമ(28)നൊപ്പം ചേരാനാവാതെ പ്രയാസപ്പെടുന്നത്.
പ്രണയത്തെത്തുടർന്നു 2017 നവംബര്‍ 22നാണു രമിഷ് അമനും സിദ്ര റഫീഖും റാവല്‍പിണ്ടിയില്‍ വിവാഹിതരാവുന്നത്. സിദ്രയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഉള്‍പ്പെടെയുള്ള നിരവധി കടമ്പകള്‍ മറികടന്നായിരുന്നു ഇവരുടെ വിവാഹം. അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെത്തുടര്‍ന്നാണു സിദ്ര റഫീഖ് 'ഇന്ത്യയുടെ മരുമകളാ'യി വാഗ അതിര്‍ത്തി കടന്ന് എത്തിയത്.
'ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും മരുമക്കള്‍ക്കും വിസ നിഷേധിക്കില്ല. നിനക്ക് തീര്‍ച്ചയായും വിസ കിട്ടും' എന്നായിരുന്നു ട്വിറ്റര്‍ വഴിയുള്ള സിദ്രയുടെ വിസ അഭ്യര്‍ഥനയ്ക്ക് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നല്‍കിയ മറുപടി. ഇതിനു മുന്‍പ് സിദ്രയുടെ വിസ അപേക്ഷ തള്ളിയിരുന്നതായി രമിഷ് അമന്‍ പറഞ്ഞു. സുഷമ സ്വരാജ് വിസ അനുവദിച്ചിരുന്നില്ലെങ്കില്‍ തങ്ങളുടെ വിവാഹം നടക്കില്ലായിരുന്നുവെന്നും രമിഷ് പറഞ്ഞു.
സുഷമ സ്വരാജിന്റെ മറുപടിയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി സിദ്രയെ ബന്ധപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ വിസ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് അത്ര സന്തോഷകരമല്ല സിദ്ര റഫീഖിന്റെ ജീവിതം. സുഷമ സ്വരാജ് അനുവദിച്ച ഹ്രസ്വകാല ( മൂന്നുമാസം) വിസയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 2018 ഫെബ്രുവരിയില്‍ ദീര്‍ഘകാല വിസ(എല്‍ടിവി)യ്ക്കു സിദ്ര അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിസ നിഷേധിക്കാനുള്ള കാരണം ആഭ്യന്തര മന്ത്രാലയവും ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫീസും(എഫ്ആര്‍ആര്‍ഒ) ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുകാരണം സിദ്രയ്ക്കു രമിഷിനുമൊപ്പം ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. രമിഷ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ഡല്‍ഹിയിലാണു ജോലി ചെയ്യുന്നത്. ഇവിടേക്കെന്നല്ല, ഹല്‍ദ്വാനിക്കു പുറത്തുള്ള നൈനിറ്റാള്‍ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു പോവാന്‍ പോലും സിദ്രയ്ക്കു കഴിയുന്നില്ല.
പൗരത്വ ഭേദഗതി നിയമം പാസായതോടെ ദമ്പതികള്‍ കൂടുതല്‍ ഭയപ്പാടിലാണ്. ''സുഷമാജി ജീവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് എന്റെ എല്‍ടിവി ഇപ്പോഴും അനുവദിക്കാത്തതെന്നതിന് അവര്‍ ഉത്തരം തന്നേനെ. അവര്‍ എന്നെ ഇന്ത്യയുടെ മരുമകള്‍ എന്നാണ് വിളിച്ചത്. അവര്‍ കാരണമാണ് എനിക്ക് ഇന്ത്യയിലേക്കു വരാന്‍ കഴിഞ്ഞത്. എന്നാല്‍ എല്‍ടിവി ലഭിക്കാത്തതു കാരണം എനിക്കിപ്പോള്‍ എങ്ങോട്ടും പോകാന്‍ കഴിയുന്നില്ല. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഡല്‍ഹിയിലേക്കു പോകാന്‍ പോലും കഴിയുന്നില്ല,'' സിദ്ര പറഞ്ഞു.
'' ഇതു മനുഷ്യാവകാശ ലംഘനമാണ്. സിദ്രയുടെ മൂന്നുമാസത്തെ വിസയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് 2018 ഫെബ്രുവരി ആറിനു ഞങ്ങള്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിസ ലഭിച്ചിട്ടില്ല. വിസ അനുവദിക്കാതിരിക്കാന്‍ കാരണവും പറഞ്ഞിട്ടില്ല. എന്റെ മാതാപിതാക്കളുള്ള ഹല്‍ദ്വാനിയില്‍ കഴിയാനുള്ള റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് മാത്രമാണു സിദ്രയ്ക്കുള്ളത്. ഇതുകാരണം അവള്‍ക്ക് എന്നോടൊപ്പം ജീവിക്കാന്‍ ഡല്‍ഹിയിലേക്കു വരാന്‍ കഴിയുന്നില്ല. നൈനിറ്റാള്‍ ജില്ലയില്‍ ചുറ്റിക്കറങ്ങാന്‍ പോലും അവള്‍ക്കു കഴിയില്ല. ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നില്ല, '' രമിഷ് പറഞ്ഞു.
''ഇപ്പോള്‍, പൗരത്വ നിയമത്തിലെ ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍ മുസ്‌ലിംകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഞങ്ങളുടെ ഭയം വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടാലോ? എല്‍ടിവി ലഭിക്കാതെ അവള്‍ക്ക് പിന്നീട് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോലും കഴിയില്ല. സുഷ്മാ ജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യയെ എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത് എന്നതിന് ആരും ഉത്തരം നല്‍കുന്നില്ല. സാധുവായ വിസയിലും പാസ്പോര്‍ട്ടുമായാണ് അവള്‍ ഇന്ത്യയിലെത്തിയത്. അവള്‍ ഒരു ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചു,'' രമിഷ് പറഞ്ഞു.
വിവാഹത്തിനുശേഷം ഒരിക്കലാണു സിദ്ര ഡല്‍ഹി സന്ദര്‍ശിച്ചത്. അവരുടെ വിസയുടെ കാലാവധി കഴിയും മുന്‍പായിരുന്നു ഇത്. ഇന്ത്യക്കാര്‍ നല്ലവരാണെന്നു വിശ്വസിക്കുന്ന സിദ്രയ്ക്ക് എല്‍ടിവി അനുവദിക്കാത്തതു വലിയ സങ്കടം നല്‍കുന്നു.
'' ഞാന്‍ അല്ലെങ്കില്‍ ഭര്‍തൃപിതാവ് എല്ലാദിവസവും എഫ്ആര്‍ആര്‍ഒ അല്ലെങ്കില്‍, ആഭ്യന്തര മന്ത്രാലയം അല്ലെങ്കില്‍ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ വിളിക്കും. എന്റെ അപേക്ഷയില്‍ തീരുമാനമായിട്ടില്ലെന്നാണ് അവര്‍ എപ്പോഴും പറയുന്നത്. എന്തുകൊണ്ടാണ് എന്റെ ഫയല്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് അറിയില്ല. എല്‍ടിവി ലഭിക്കാതെ എനിക്ക് പൗരത്വത്തിന് അപേക്ഷിക്കാനാവില്ല, എനിക്ക് ഹല്‍ദ്വാനിക്ക് അപ്പുറത്തേക്കു പോകാനും കഴിയില്ല. ഞങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കാന്‍ ഒരുക്കമാണ്. എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്,'' സിദ്ര പറഞ്ഞു. കംപ്യൂട്ടര്‍ എന്‍ജിനീയറായ സിദ്രയ്ക്ക് എല്‍ടിവി ലഭിക്കാതെ ഇന്ത്യയില്‍ ജോലി ചെയ്യാനോ ജോലിക്ക് അപേക്ഷിക്കാനോ കഴിയില്ല. ഇതിനു വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്.
കുടുംബാംഗങ്ങളെ കാണാനായി സിദ്ര ജൂണില്‍ പാക്കിസ്ഥാനിലേക്കു പോയിരുന്നു. ഇന്ത്യയിലേക്കു തിരിച്ചുവരുന്നതില്‍ ആക്ഷേപമില്ലെന്ന് വ്യക്തമാക്കിയുള്ള വിസ ലഭിക്കാനായി അവര്‍ നിരവധി ചോദ്യങ്ങള്‍ നേരിട്ടു. എല്‍ടിവിക്കുള്ള അപേക്ഷ പരിഗണനയിലാണെന്നതു വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അവള്‍ക്കു തിരിച്ചുവരാനായത്. ഇടയ്ക്കിടെ ഇന്റലിജന്‍സില്‍നിന്ന് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഹല്‍ദ്വാനിയിലെ വീട്ടില്‍വന്ന് അവളുടെ വിവരങ്ങള്‍ തിരക്കാറുണ്ട്. അവള്‍ മാര്‍ക്കറ്റിലെങ്ങാന്‍ പോയതാണെങ്കില്‍ വീട്ടിലേക്കു തിരിച്ചുവിളിച്ചിട്ട് ഹല്‍ദാനി വിട്ടുപോകില്ലെന്ന് ഉറപ്പുവാങ്ങിയിട്ടാണ് ഉദ്യോഗസ്ഥര്‍ പോകാറുള്ളത്. ഞങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കാന്‍ തയാറാണ്. എന്തുകൊണ്ടാണ് ഒരുമിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു നിഷേധിക്കുന്നത്? കൂട്ടിലിട്ട പക്ഷിയെപ്പോലെ അവള്‍ക്കു ജീവിക്കേണ്ട,'' രമിഷ് പറഞ്ഞു.
''പാക്കിസ്ഥാന്‍ സ്ത്രീയെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് ഞാന്‍ ചെയ്ത തെറ്റാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്. അവളെ ഇന്ത്യയില്‍നിന്നു തിരിച്ചയച്ചാല്‍ എന്തുചെയ്യും? അവൾ എങ്ങോട്ടു പോകും? അവളുടെ ജീവിതം നശിപ്പിക്കുന്നതിനു ഞാനായിരിക്കും ഉത്തരവാദി. അവള്‍ ചെയ്ത തെറ്റ് എന്താണ്?'' രമിഷ് ചോദിച്ചു.
നിരവധി തവണ ശ്രമിച്ചെങ്കിലും ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത സംഭവത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, എല്‍ടിവിക്ക് അപേക്ഷ നല്‍കിയാല്‍ ഹ്രസ്വവിസയുടെ കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കുമെന്നും എന്നാല്‍ എല്‍ടിവി അനുവദിക്കുന്ന കാര്യത്തില്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''സാധാരണഗതിയില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ എല്‍ടിവി ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക സമയപരിധി ആഭ്യന്തര മന്ത്രാലയം നിശ്ചയിട്ടില്ല. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കു നിയമത്തില്‍ വ്യത്യാസമില്ല,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.