ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ലഷ്കറെ തയിബ നേതാവ് ഹാഫിസ് സയിദിനെ പാക്കിസ്ഥാൻ സർക്കാർ വീട്ടുതടങ്കലിലാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി കരുതപ്പെടുന്ന ഇയാളെ ലാഹോറിൽ നിന്ന് അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാനിലെ ജമാഅത്തുദ്ദവ വക്താവാണ് പറഞ്ഞത്.
ഹാഫിസ് സയിദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജമാഅത്തുദ്ദവ എന്ന സംഘടന നിരോധിക്കാനും പാക്ക് സർക്കാർ ആലോചിക്കുന്നുണ്ട്. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്ന ശേഷം ഹാഫിസ് സയിദിനെതിരായി കർശന നടപടി വേണമെന്ന ആവശ്യം പാക്കിസ്ഥാൻ സർക്കാരിന് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്നാണ് തന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്ന് തന്റെ ട്വിറ്റർ പേജിൽ ഹാഫിസ് സയിദ് കുറിച്ചതായും റിപ്പോർട്ടുകളുണ്ട്.