/indian-express-malayalam/media/media_files/uploads/2017/03/hacking_big_new.jpg)
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ ആരോപണം ഉയരുന്നതിന് പിന്നാലെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. രണ്ട് മണിക്കൂറിന് ശേഷമാണ് വെബ്സൈറ്റ് തിരികെ കിട്ടിയത്. ഇന്ത്യന്‍ ഹാക്കര്‍മാരാണ് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
അതേസമയം അമേരിക്ക, ബ്രിട്ടന്‍, ഹോളണ്ട്, നോര്‍വെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഇപ്പോഴും വെബ്സൈറ്റ് തുറക്കാനാവില്ല. ഇന്ത്യ വില കുറഞ്ഞ തന്ത്രങ്ങളിലൂടെ തങ്ങളെ ഇപ്പോഴും പരുക്കേല്‍പ്പിക്കാന്‍ നോക്കുകയാണെന്നും ഫൈസല്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പാക് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.
ആക്രമണത്തില്‍ പാക്കിസ്ഥാനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ തുടരുന്ന ആരോപണങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ജര്‍മന്‍ ചാനലിനോട് നടത്തിയ പ്രതികരണം.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ഉന്നയിക്കുന്നതെന്നും ഖുറേഷി പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെതിരെ നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് വീണ്ടും പ്രതികരണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.
അതേസമയം, ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു. ഭീകരര്‍ക്ക് താവളമൊരുക്കരുതെന്നാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ ബന്ധപ്പെട്ടാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പിന്തുണ അറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കരുതെന്നും പോംപിയോ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.