അത്താരി: പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന അമൃത്സറിലെ അത്താരിയിൽ ഇന്ത്യ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാകയിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ. ഇത്ര ഉയരത്തിൽ നിൽക്കുന്ന ദേശീയ പതാകയിൽ ബി.എസ്.എഫ് പാകിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യക്യാമറ ഉപയോഗിക്കുന്നുണ്ടാകാമെന്ന് പാക് അതിര്‍ത്തി സുരക്ഷാ സേന സംശയം പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്ലാഗ് മീറ്റിൽ പാകിസ്ഥാൻ ഈ ഒരു ആശങ്ക പങ്കു വച്ചിട്ടുണ്ടെന്നും ബി.എസ്.എഫ് അധികൃതർ വ്യക്തമാക്കി. പതാകയില്‍ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന് മറുപടി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള കത്ത് നല്‍കിയാല്‍ വിശദീകരണം എഴുതി നല്‍കാമെന്നും ബിഎസ്എഫ് അറിയിച്ചു.

പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് പോലും വ്യക്തമായി കാണാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പതാക മാര്‍ച്ച് 5നാണ് ഇന്ത്യ സ്ഥാപിച്ചത്. 360 അടി ഉയരമുള്ള കൊടിമരത്തിൽ 120 അടി നീളവും 80 അടി വീതിയുമുള്ള ഇന്ത്യൻ പതാക സ്ഥാപിച്ചിരിക്കുന്നത്. എത്ര ശക്തമായ കാറ്റിനെയും പ്രതിരോധിക്കുന്ന വിധത്തിൽ പാരച്യൂട്ട് നിർമ്മിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോ ഭാരമുള്ള പതാക നിർമ്മിച്ചിരിക്കുന്നത്.

55 ടൺ ഭാരമുള്ള കൊടിമരം കുത്തബ്മിനാറിനേക്കാൾ ഉയരമുള്ളതാണ്. ലാഹോറിലെ അനാർക്കലി ബസാറിൽ നിന്നാൽ ഈ പതാക കാണാനാകും എന്നതിനാൽ തന്നെ പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിർത്തി കടന്ന് നിരീക്ഷണം നടത്താൻ ഇന്ത്യ ഈ കൊടിമരം ഉപയോഗിക്കുമെനാണ് പാകിസ്ഥാന്റെ ഭയം. അതേ സമയം ഇന്ത്യൻ മണ്ണിൽ സ്ഥാപിച്ചിരിക്കുന്ന പതാക ഒരു അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരല്ല എന്നും ഇന്ത്യ വാദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ