ലഹോര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഇളയ മകന്‍ സുലൈമാന്‍ ഷെഹ്ബാസുമായി ബന്ധപ്പെട്ട കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ പ്രത്യേക കോടതി ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്‌ഐഎ) പ്രത്യേക കോടതിയാണ് സെപ്റ്റംബര്‍ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചത്. സുലൈമാന്‍ ഷെഹ്ബാസുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ഡൗണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെഹ്ബാസിനും മക്കളായ ഹംസ ഷെഹ്ബാസിനും (പഞ്ചാബ് മുന്‍ മുഖ്യമന്ത്രി), സുലൈമാനും 14 ബില്യണ്‍ രൂപ വെളുപ്പിച്ചുവെന്നാരോപിച്ചാണ് എഫ്‌ഐഎ കേസെടുത്തത്. സുലൈമാന്‍ ഷെഹ്ബാസ് 2019 മുതല്‍ യുകെയില്‍ ഒളിവിലാണ്. കോടതിയില്‍ കീഴടങ്ങാത്തതിനാല്‍ അദ്ദേഹത്തിന്റെ സ്വത്തുവകക്കള്‍ക്ക് പുറമെ ഈ 13 ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ടെന്നും പ്രിസൈഡിംഗ് ജഡ്ജി ഇജാസ് ഹസ്സന്‍ അവാന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
കേസിലെ രണ്ട് പ്രതികളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടുകള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച മുന്‍ ഉത്തരവ് പാലിക്കാത്തതിന് വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും ഹംസയെയും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ ബുധനാഴ്ചത്തെ നടപടികളില്‍ പങ്കെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ‘വിധി വരുന്ന ദിവസം വരാം, എന്നാല്‍ എനിക്കെതിരെ ഒരു രൂപയുടെ അഴിമതി പോലും തെളിയിക്കാന്‍ എഫ്ഐഎയ്ക്ക് കഴിയില്ല’ എന്ന് പ്രധാനമന്ത്രി നേരത്തെ വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു.