കറാച്ചി: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചെന്ന പരാതിയിൽ വിചിത്ര വിധിയുമായി പാക്കിസ്താൻ കോടതി. ആദ്യ ആർത്തവചക്രം പൂർത്തിയായ പെൺകുട്ടിക്ക് ശരീഅത്ത് നിയമപ്രകാരം പ്രായപൂർത്തിയായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി വിവാഹത്തിനു സാധുത കൽപ്പിച്ചു. പാക്കിസ്ഥാനിലെ സിന്ധ് കോടതിയുടേതാണ് വിധി. പെൺകുട്ടിയുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.

Read Also: ഓർമയില്ലെങ്കിൽ പോയി ചോദിക്കൂ; ബിഗ് ബോസിൽ നിയന്ത്രണം വിട്ട് മോഹൻലാൽ

കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചതായി മാതാപിതാക്കൾ രംഗത്തെത്തിയത്. അബ്‌ദുൾ ജബാർ എന്ന യുവാവ് തങ്ങളുടെ മകളെ ഇസ്‌ലാമിലേക്ക് മതം മാറ്റിയ ശേഷം വിവാഹം കഴിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. സിന്ധ് കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളും അഭിഭാഷകനും പറഞ്ഞു. പെൺകുട്ടിയുടെ പ്രായം  സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതിനായി പൊലീസിന് നിർദേശം നൽകിയിട്ടുമുണ്ട്.

പെൺകുട്ടിക്ക് പ്രായം കുറവാണെങ്കിലും നേരത്തെ ഋതുമതിയായതിനാൽ ശരീഅത്ത് നിയമപ്രകാരം വിവാഹത്തിനു സാധുതയുണ്ടെന്ന് കോടതി ഉറച്ച നിലപാടെടുത്തു. ജഡ്‌ജിമാരായ മുഹമ്മദ് ഇഖ്‌ബാൽ, ഇർഷാദ് അലി എന്നിവരുടെ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

Read Also: സ്‌കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

സിന്ധ് പ്രവിശ്യയിൽ ശെെശവ വിവാഹ നിരോധനം 2014 ൽ പാസാക്കിയിട്ടുണ്ട്. എന്നാൽ, ആ നിയമ പ്രകാരമല്ല ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നതെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു. പതിനെട്ട് വയസ് തികയാത്ത പെൺകുട്ടികളുടെ വിവാഹം നിരോധിച്ചുള്ള നിയമമായിരുന്നു അതെന്നും അഭിഭാഷകർ പറഞ്ഞു. പെൺകുട്ടിയുടെ പ്രായം പതിനാലാണെന്ന് തെളിയിക്കുന്ന രേഖകൾ മാതാപിതാക്കൾ കോടതിയിൽ ഹാജരാക്കിയെന്നും അഭിഭാഷകൻ പറഞ്ഞു.

Read Also: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: കന്നി വോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകൻ

പ്രായം തെളിയിക്കാനുള്ള പരിശോധനയിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയവർക്ക് ഒത്താശ ചെയ്യുകയാണെന്നും അവർ പറഞ്ഞു. പ്രായം തെളിയിക്കാനുള്ള പരിശോധന പൂർത്തിയാകുന്നതുവരെ മകളെ പെൺകുട്ടികളുടെ അഭയകേന്ദ്രത്തിൽ താമസിപ്പിക്കണമെന്നും മാതാപിതാക്കൾ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കോടതി ഇതും അംഗീകരിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook