വാഷിംഗ്ടണ്‍: പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയെയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഭീകരവാദത്തേയും ഭീകരരേയും തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ഡാനിയല്‍ കോട്ട്സ് വ്യക്തമാക്കി. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ഭീഷണിയായി മാറി ഇന്ത്യയിലും അഫ്ഗാനിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ഭീകരാക്രമണങ്ങള്‍ നടത്തുന്നത് തുടരുകയും ചെയ്യുമെന്ന് കോട്ട്സ് വ്യക്തമാക്കി. നേരത്തേ ഇന്ത്യയിലും അഫ്ഗാനിലും നടന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. ഇറാന്‍ പോലും പാക് ഭീകരവാദികളുടെ ആക്രമണഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഇന്ത്യൻ അതിർത്തി കടന്ന് ഇനിയൊരു ശക്തമായ ആക്രമണമുണ്ടായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇന്ത്യ വിരുദ്ധ തീവ്രവാദികളെ തടയുന്നതിൽ പാകിസ്ഥാൻ പരാജയപ്പെടുന്നതും ഈ നയത്തിൽ ഇന്ത്യയിൽ വളരുന്ന അസഹിഷ്ണുതയും അതിനൊപ്പം പത്താൻകോട്ട് ആക്രമണത്തിലെ പാക് അന്വേഷണത്തിൽ പുരോഗതിയില്ലാത്തതും 2016ൽ ഇന്ത്യ- പാക് ബന്ധം വഷളാവാൻ കാരണമായെന്നും യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ വ്യക്തമാക്കി.

പത്താൻകോട്ട് ആക്രമണത്തിലുള്ള അന്വേഷണ പുരോഗതി,​ അതിർത്തികടന്നുള്ള വെടിവയ്പ്പ് തുടങ്ങിയ വിഷയങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ മാത്രമെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോട്ട്സ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook