ന്യൂഡൽഹി: രണ്ട് ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ തങ്ങളുടെ പിടിയിലാണെന്ന് അവകാശപ്പെട്ട് മണിക്കൂറുകൾക്കകം പാക് പ്രതിരോധ വക്താവ് ഇത് തിരുത്തി. ഇന്ത്യൻ വ്യോമസേനയുടെ ഒരു പൈലറ്റ് മാത്രമാണ് തങ്ങളുടെ പിടിയിലുളളതെന്ന് അവർ വ്യക്തമാക്കി. പാക് സൈന്യം തന്നെ നന്നായി പരിചരിച്ചെന്ന് ഇദ്ദേഹം പറയുന്ന പുതിയ വീഡിയോ പാക്കിസ്ഥാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു.

ഇന്ത്യൻ പൈലറ്റിനോട് മോശമായി പെരുമാറുന്ന വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടതിനോട് അതിരൂക്ഷമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ജനീവ കൺവൻഷനിൽ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ നിർദ്ദേശങ്ങളുടെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു.

“കസ്റ്റഡിയിലുളള ഇന്ത്യൻ സൈനികന് യാതൊരു പരിക്കും ഉണ്ടാകരുതെന്ന് പാക്കിസ്ഥാനെ ശക്തമായി ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവ് ഏറ്റവും വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സൈനിക ധാർമ്മികതയ്ക്ക് അനുയോജ്യമായ രീതിയിലാണ് പാക് സൈന്യം ഇന്ത്യൻ എയർഫോഴ്സ് പൈലറ്റിനോട് പെരുമാറിയതെന്ന് പാക് സൈനിക വക്താവ് പ്രതികരിച്ചു. പുതിയ വീഡിയോയിൽ പാക് സൈന്യത്തിന്റെ പെരുമാറ്റത്തിൽ താൻ വളരെയധികം സംതൃപ്തനാണെന്ന് പറയുന്നത് കേൾക്കാം. ഇന്ത്യയിൽ എവിടെയാണ് സ്വദേശം എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഒരു മിഗ് 21 വിമാനം നഷ്ടമായെന്നും പൈലറ്റിനെ കാണാതായെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പാക് സൈന്യം നേരത്തെ പുറത്തുവിട്ട വീഡിയോയിൽ പൈലറ്റ് തന്നെ സ്വയം പരിചയപ്പെടുത്തുന്നതാണ് ഉണ്ടായിരുന്നത്.

ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ താവങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നടപടിക്കെതിരെ ഇന്ത്യയിലെ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാക് വ്യോമസേന ശ്രമിച്ചതായി ഇന്ത്യ രാവിലെ സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്റെ ആക്രമണ നീക്കം ഫലപ്രദമായി ചെറുക്കാൻ സാധിച്ചുവെന്നും പാക്കിസ്ഥാന്റെ യുദ്ധവിമാനം തകർത്തുവെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു.

പാക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം, പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇന്ത്യക്കെതിരെ പ്രകോപനമില്ലാതെയുണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ