/indian-express-malayalam/media/media_files/uploads/2018/03/india-pakistan.jpg)
ഇസ്‌ലാമാബാദ്: യുദ്ധത്തിന് തയ്യാറാണെന്നും എന്നാൽ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാൻ. ഇന്ത്യൻ സൈനികർക്കുനേരെയുളള ഭീകരരുടെയും പാക്ക് സൈനികരുടെയും കാടത്തം അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന ഇന്ത്യൻ കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ.
പാക്കിസ്ഥാന് അതേ നാണയത്തിൽ മറുപടി കൊടുക്കണമെന്നും നമ്മൾ അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണമെന്നാണ് ഇന്നലെ ബിപിൻ റാവത്ത് പറഞ്ഞത്. ജമ്മു കശ്മീരിൽ ഒരു ബിഎസ്എഫ് ജവാനെ വെടിവച്ച്, കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
''ഭീകരവാദത്തിനെതിരെ വർഷങ്ങളായി പാക്കിസ്ഥാൻ പോരാടുന്നുണ്ട്. സമാധാനത്തിന്റെ വില എന്താണെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം. സമാധാനം ആഗ്രഹിക്കുന്നതിനെ പാക്കിസ്ഥാന്റെ കഴിവുകേടായി തെറ്റിദ്ധരിക്കരുത്. യുദ്ധത്തിന് തയ്യാറല്ലെങ്കിൽ അടിച്ചേൽപ്പിക്കരുത്. ഞങ്ങൾ ന്യൂക്ലിയർ രാഷ്ട്രമാണെങ്കിലും അങ്ങനെ വന്നാൽ യുദ്ധത്തിന് തയ്യാറാവും'', ആസിഫ് ധുന്യ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജമ്മുവിൽ ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ സൈന്യം കഴുത്തറുത്ത് കൊന്നെന്ന ഇന്ത്യയുടെ വാദത്തെ അദ്ദേഹം നിഷേധിച്ചു. ''ഞങ്ങൾ പ്രൊഫഷണൽ ആർമിയാണ്. അത്തരം പ്രവൃത്തികൾ ചെയ്യില്ല. കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി സമാധാനത്തിനുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. ഒരു സൈനികനോടു അനാദരവ് കാണിക്കില്ല. കൊല്ലപ്പെടുന്ന ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമായി കാണപ്പെടുമ്പോഴൊക്കെ ആ കുറ്റം പാക്കിസ്ഥാനു മേലാണ് ഇന്ത്യ ചുമത്തുന്നത്'', ആസിഫ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
''പാക്കിസ്ഥാനുമായുളള ചർച്ചയിൽനിന്നും ഇന്ത്യ പിന്മാറിയതിനെക്കുറിച്ചും ആസിഫ് ഗഫൂർ പ്രതികരിച്ചു. ചർച്ചയ്ക്കായി മുന്നോട്ടുവരേണ്ടത് ഇന്ത്യയാണ്. ഇരുരാജ്യങ്ങളും തമ്മിലുളള ചർച്ചയ്ക്കുളള ശ്രമം പരാജയപ്പെടുന്നതിന് കാരണം ഇന്ത്യയാണ്. ഇന്ത്യയുമായി ചർച്ചയ്ക്ക് ഇപ്പോഴും പാക്കിസ്ഥാൻ തയ്യാറാണ്'', അദ്ദേഹം പറഞ്ഞത്.
ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങൾ പാക്കിസ്ഥാനുമേൽ ഇന്ത്യ ചുമത്തുന്നതെന്ന് പാക് വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരി കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങളിൽ ഇന്ത്യൻ സർക്കാർ പ്രതിക്കൂട്ടിലാണ്. ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ഇന്ത്യൻ ആർമി യുദ്ധത്തെക്കുറിച്ചുളള പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്താൻ താനൊരു ബിജെപി നേതാവല്ലെന്ന് ഇന്ത്യൻ ആർമി മേധാവി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''യുദ്ധം ആഗ്രഹിക്കുന്നവരെയും സമാധാനം ആഗ്രഹിക്കുന്നവരെയും ലോകത്തിന് അറിയാം. സമാധാനത്തെ ഇഷ്ടപ്പെടുന്ന രാജ്യമായ പാക്കിസ്ഥാൻ ഇന്ത്യയുമായും സമാധാനമാണ് ആഗ്രഹിക്കുന്നത്'', ചൗധരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.