തിരുവനന്തപുരം: മുൻ ദേശീയ കായിക താരം ശെൽവൻ (67) അന്തരിച്ചു. മുൻ ദേശീയ കായിക താരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻഡുമായ പത്മിനി തോമസിന്റെ ഭർത്താവാണ്. തിരുവനന്തപുരത്ത് മകളുടെ വീടിന്റെ ടെറസിൽ നിന്നു വീണാണ് മരണം.

മകളുടെ, തിരുമല കട്ടച്ചൽ റോഡിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. കൊച്ചു മകൾക്കൊപ്പം ടെറസിൽ കയറിയ ശെൽവൻ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റെയിൽവേയിൽ നിന്ന് വിരമിച്ച ശെൽവൻ ദീർഘകാലമായി തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസിച്ചിരുന്നത്. ദീർഘ ദൂര ഓട്ടത്തിൽ ദേശീയ താരമായിരുന്ന ശെൽവൻ ഈ ഇനത്തിൽ നിരവധി മെഡലുകളും നേടിയിരുന്നു.

1982 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ക്യാംപ് അംഗമായിരുന്നു. റെയിൽ വേയ്ക്കു വേണ്ടി ക്രോസ് കൺട്രി, ദീർഘദൂര ഇനങ്ങളിൽ മെഡലുകൾ നേടി. റെയിൽവേയിൽ ചീഫ് ടിക്കറ്റ്‌ ഇൻസ്‌പെക്‌ടറായിരിക്കെയാണ് വിരമിച്ചത്. മക്കൾ: ഡയാന ജോൺ സെൽവൻ (ദക്ഷിണ റെയില്‍വേ), ഡാനി ജോൺ സെൽവൻ. മരുമകൻ: ക്ലിന്റ്‌ (ദക്ഷിണ റെയില്‍വേ).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook