ഭോപ്പാല്‍: വിവാദ ചിത്രം പദ്മാവതി ഗുജറാത്തിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി. തിരഞ്ഞെടുപ്പ് ചൂടിലേക്ക് വളരെ നേരത്തേ ഇറങ്ങിയ സംസ്ഥാനത്ത്, ബിജെപി സർക്കാർ അതിരൂക്ഷമായ ഭാഷയിലാണ് പദ്മാവതിയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് വന്നത്.

“ഇവിടെ ഒരു പദ്മാവതിയും അനുവദിക്കില്ല. ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നും അനുവദിക്കില്ല”, വിജയ് രൂപാനി വിശദീകരിച്ചു.

രജപുത് കർണി സേനയാണ് ചിത്രത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെല്ലാം സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീയ്യതി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സിനിമയുടെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരുന്നു. ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരും രാജസ്ഥാൻ സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ദീപിക പദുകോണാണ് ചിത്രത്തിൽ പദ്മാവതിയായി വേഷമിടുന്നത്. രൺവീർ സിംഗ്, ഷാഹിദ് കപൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അലാവുദ്ദീൻ ഖിൽജിക്ക് ചിറ്റോർ രാജവംശത്തിലെ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബിഗ് ബജറ്റിൽ നിർമ്മിച്ച ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ