ന്യൂഡൽഹി: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഒരു ഹര്‍ജി കൂടി സുപ്രീംകോടതി തളളി. ചിത്രത്തിനെതിരെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ നടത്തുന്ന പ്രസ്താവനകള്‍ നിയമലംഘനമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ചിത്രത്തിന് നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹർജി മൂന്നാമത്തെ തവണയും സുപ്രീംകോടതി തള്ളി. സിനിമയ്ക്കെതിരെ ചില മുഖ്യമന്ത്രിമാർ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
ചിത്രത്തിന് അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉളളപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. ‘ഇപ്പോഴും ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ അധികാരത്തിലിരിക്കുന്ന ചിലര്‍ക്ക് എങ്ങനെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന് പറയാനാകുമെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിനും മുന്‍വിധി ഉണ്ടാക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുളളൂവെന്നും കോടതി നിരീക്ഷിച്ചു.
പത്മാവതിയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ബിജെപി ഭരിക്കുന്ന അഞ്ചോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ആദ്യം ചിത്രം നിരോധിച്ച് കൊണ്ടുളള പ്രഖ്യാപനം നടത്തിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഞ്ജയ് ലീല ബന്‍സാലിക്കെതിരെ രംഗത്ത് വന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യിക്കില്ലെന്ന് ഭീഷണി മുഴക്കി. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രൺവീർ സിങ്ങാണ് അലാവുദ്ദീൻ ഖിൽജി. റാണി പത്മിനിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷത്തിൽ ഷാഹിദ് കപൂർ എത്തും.