ജയ്പൂര്‍: അനിവാര്യമായ മാറ്റങ്ങള്‍ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് വസുന്ധര രാജെ കത്തയച്ചു. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് വസുന്ധരയുടെ വിശദീകരണം.

ചരിത്രകാരൻമാരും ചലച്ചിത്ര മേഖലയിലെ വിദഗ്‌ദ്ധരും രജ്പുത് വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഇവർ സിനിമ കണ്ടതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ ചിത്രത്തിന് വരുത്തട്ടെയെന്നും സ്‌മൃതിക്ക് അയച്ച കത്തിൽ പറയുന്നു. ഇത് ഒരു വിഭാഗത്തിന്റെയും വികാരങ്ങളെയും വ്രണപ്പെടുത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പത്മാവതിയുടെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സ്‌മൃതി ഇറാനി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങൾ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങൾ സൃഷ്‌ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ അതിനെ നേരിടുമെന്നും സ്‌മൃതി ഇറാനി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ