ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്മാവതി ചിത്രത്തിനെതിരെയുളള കർണി സേനയുടെ പ്രതിഷേധം ദിവസങ്ങൾ കഴിയുന്തോറും ശക്തമാവുകയാണ്. ദീപികയുടെ തല വെട്ടുമെന്നും മൂക്കു ചെത്തുമെന്നുളള ഭീഷണികൾ കർണി സേന നേരത്തെ മുഴക്കിയിരുന്നു. ഇപ്പോൾ പണത്തിനുവേണ്ടി നൃത്തം ചെയ്യുന്നവളാണ് ദീപികയെന്ന് പറഞ്ഞ് അപമാനിച്ചിരിക്കുകയാണ് ശ്രീ രജ്പുത് കർണി സേന സ്ഥാപകൻ ലോകേന്ദ്ര സിങ് കൽവി. ഇന്ത്യാ ടുഡേയോട് സംസാരിക്കവേയാണ് ദീപികയ്ക്കെതിരെ അദ്ദേഹം മോശം പരാമർശം നടത്തിയത്.

പത്മാവതി റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിന് ഭാരത ബന്ദിന് കർണി സേന ആഹ്വാനം ചെയ്തതായി കൽവി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ”എന്തു വില കൊടുത്തും പത്മാവതിയുടെ റിലീസ് തടയും. ആരാണ് ദീപിക പദുക്കോൺ?. ഞങ്ങളെ വെല്ലുവിളിക്കാൻ അവൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ രാഷ്ട്രപതിയാണോ. പണത്തിനുവേണ്ടി നൃത്തം ചെയ്യുന്ന സ്ത്രീകളെപ്പോലെയുളള ദീപിക ഞങ്ങളെ വെല്ലുവിളിക്കുകയാണ്. സിനിമയോടുളള പ്രതിഷേധ സൂചകമായി ഡിസംബർ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതായും” അദ്ദേഹം പറഞ്ഞു.

ദീപികയുടെ മൂക്കു ചെത്തുമെന്ന് കർണി സേന അംഗം ഭീഷണി മുഴക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് വികാരം കൊണ്ട് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വികാരത്താൽ രോഷം കൊളളുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കാറില്ല. ദീപിക പദുക്കോണിന് ഈ സമൂഹത്തിലുളള പദവി എന്താണ്? പണത്തിനുവേണ്ടി നൃത്തം ചെയ്യുന്ന വെറുമൊരു സ്ത്രീ മാത്രമാണെന്നും കർണി സേന സ്ഥാപകൻ പറഞ്ഞു.

ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി വേഷമിട്ട രൺവീർ സിങ്ങിനെയും കൽവി വിമർശിച്ചു. ദീപിക പദുക്കോണുമായി വളരെ അടുത്ത് ഇടപഴകുന്ന രംഗങ്ങൾ ഉളളതുകൊണ്ടാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. ദീപികയുമായി ഇടപഴകുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ ആ ചിത്രത്തിൽ വില്ലൻ വേഷത്തിലും അഭിനയിക്കുമെന്ന് ഏകദേശം ഒന്നരവർഷങ്ങൾക്കു മുൻപ് രൺവീർ സിങ് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ