ന്യൂഡൽഹി: പത്മാവതി സിനിമയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കാരണം ജനങ്ങളുടെ അതിവൈകാരികതയാണെന്ന് കമൽഹാസൻ. പത്മാവതി സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വിശ്വരൂപം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന സമയത്തും അവരാരും ആ സിനിമ കണ്ടിരുന്നില്ല. അത് തെറ്റാണ്. സിനിമ പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും തെറ്റുണ്ടെന്ന് പറയുന്നതെങ്കിൽ മനസ്സിലാക്കാമായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു.

പല കാര്യങ്ങളോടും അതിവൈകാരികമായാണ് നമ്മൾ പെരുമാറുന്നത്. ഒരു സിനിമാക്കാരനായായല്ല മറിച്ച് ഒരു ഇന്ത്യാക്കാരനായാണ് താനിത് പറയുന്നതെന്നും കമൽഹാസൻ പറഞ്ഞു. ടൈംസ് ഡൽഹി ലിറ്റ്ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മുൻ സിനിമകൾക്കുനേരെയും ഇത്തരത്തിലുളള പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. ഹേ റാമിന് എന്താണ് സംഭവിച്ചത്?. സിനിമയുടെ പോസ്റ്റർ കണ്ടിട്ട് ചില കോൺഗ്രസ് നേതാക്കൾക്ക് അതിലെന്തോ തെറ്റുണ്ടെന്ന് തോന്നി. ഞാന്‍ ഉണ്ടാക്കിയതെന്താണെന്ന് അവര്‍ക്കറിയില്ല. പക്ഷേ എന്നിട്ട് അവർ അത് നിരോധിക്കണമെന്ന് പറഞ്ഞു. ഒരു സിനിമ കാണുന്നതിനു മുൻപേയാണ് അവരതിനെ വിലയിരുത്തിയതെന്നും കമൽഹാസൻ പറഞ്ഞു.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ