മുംബൈ: പത്മാവതി സിനിമയെ സംബന്ധിച്ച് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പ്രതികരണവുമായി ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍വീര്‍ സിങ് രംഗത്ത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതിരിപ്പിക്കുന്നത്. താന്‍ 200% സിനിമക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കുമൊപ്പമാണെന്ന് രണ്‍വീര്‍ പറഞ്ഞു.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കും. പ്രസ്താവനകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന നിര്‍ദ്ദേശമുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സിനിമയെ പിന്തുണച്ച് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോണ്‍ രംഗത്ത് എത്തിയിരുന്നു. ദീപികയുടെ അനുകൂല പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. അതിനിടെ ദീപികക്ക് ബിജെപി നേതാക്കളിൽ നിന്നടക്കം വധഭീഷണിയും വന്നു.

അതേസമയം, പദ്മാവതിക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് സൂരജ് പാൽ വീണ്ടും രംഗത്തെത്തി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീയിട്ട് നശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷത്രിയവീര്യമുള്ള യുവാക്കള്‍ക്ക് അതിനുള്ള ശക്തിയുണ്ടെന്നാണ് സൂരജ് പാല്‍ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയുടെ ‘ക്ലീന്‍ ഇന്ത്യ’ ക്യാമ്പയിന്റെ ഭാഗമായി ഈ പ്രവൃത്തിയെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ്‌ലീലാ ബന്‍സാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്യുന്നവര്‍ക്ക് പത്തു കോടി രൂപ വാഗ്ദാനം ചെയ്തതിന് പാര്‍ട്ടി സൂരജ് പാലിനോട് വിശദീകരണം ചോദിച്ചിരുന്നു. അതിനു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി വന്നിരിക്കുകയാണ് അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ