കോട്ട (രാജസ്ഥാൻ): ദീപിക പദുക്കോൺ മുഖ്യവേഷത്തിലെത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെയുളള പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചാൽ നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കർനി സേന അംഗം മഹിപാൽ സിങ് മക്രണ പറഞ്ഞു. ”പത്മാവതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് രജ്പുത് കർണി സേനയുടെ പോരാട്ടം. സ്ത്രീകൾക്കുനേരെ രജപുത്രർ ഒരിക്കലും കൈ ഉയർത്തില്ല. എന്നാൽ ഇന്ത്യൻ സംസ്കാരത്തെയും നിയമങ്ങളെയും ലംഘിച്ചാൽ ലക്ഷ്മണൻ ശൂർപണഖയോട് ചെയ്തതുപോലെയായിരിക്കും ദീപികയോട് ഞങ്ങൾ ചെയ്യുകയെന്നും” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിൽ പത്മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ കർണി സേന പ്രവർത്തകർ നശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവർക്ക് വേണ്ടി സിനിമ പ്രദർശിപ്പിച്ചതിന് ശേഷമാണ് അക്രമം നടന്നത്. നേരത്തേ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് ആക്രമിച്ച കർണി സേന പ്രവർത്തകർ സംവിധായകൻ ബൻസാലിയെ ആക്രമിച്ചിരുന്നു.

പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീറിന്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook