ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’ക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ 12എ സെര്‍ട്ടിഫിക്കറ്റ്. ചിത്രത്തിന്റെ സെന്‍സര്‍ ചെയ്യാത്ത പതിപ്പ് യുകെയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. എന്നാല്‍, ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ യുകെയില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നു നിര്‍മാതാക്കള്‍ നിലപാടെടുത്തു.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യമൊട്ടാകെ ചിത്രത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിനുശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

അതിനിടെ, ബിജെപി ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ സിനിമ നിരോധിച്ചു. സംസ്ഥാനത്ത് രജപുത്ര, ക്ഷത്രിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരുപാടുണ്ടെന്നും അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് ചിത്രം നിരോധിക്കുന്നതെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളാണു നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ