ജയ്‌പൂർ: നിരന്തര വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25 ന് റിലീസിനൊരുങ്ങുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പദ്മാവത്’ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ. 2017 ഡിസംബര്‍ 1 നു റിലീസ് ചെയ്യാനിരുന്ന ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. വയകോം 18 നിര്‍മ്മിച്ച് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മാവതി’ എന്ന് പേരിട്ടിരുന്ന ‘പദ്മാവത്’.
‘റാണി പദ്മാവതിയുടെ ത്യാഗം രാജസ്ഥാനിലെ ജനങ്ങളുടെ അഭിമാനത്തിന്റെ കൂടി കാര്യമാണ്. ചരിത്രത്തിലെ ഒരു പാഠം മാത്രമല്ല അവര്‍ ഞങ്ങള്‍ക്ക് അതിനാല്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു സിനിമയും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതല്ല.’ വാര്‍ത്താ കുറിപ്പില്‍ വസുന്ധരാ രാജെ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്തുവില കൊടുത്തും രാജ്യത്ത് പദ്മാവതിന്റെ റിലീസിങ് തടയുമെന്ന് രജ്പുത് സേന ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി ചിത്രത്തിന് എതിരെ നടപടിയുമായി രംഗത്തെത്തിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും വിവിധ രജ്പുത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം വളച്ചൊടിക്കപെട്ടതാണെന്ന രജപുത്ര കര്‍ണി സേനയുടെ ആരോപണം പ്രതിഷേധമായി വിവിധ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. രജപുത്ര സംസ്‌കാരത്തെ താറടിച്ചു കാണിക്കുന്നതാണ് ചിത്രമെന്ന് ആരോപണമുയര്‍ന്നു.
വിവാദങ്ങള്‍ക്കും ഭീക്ഷണികള്‍ക്കും ഒടുവില്‍ ഒരു സംഘം ചരിത്രകാരന്മാരുടെ മുന്‍പില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 5 ഭേദഗതികളോടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി. അതില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു മാറ്റത്തെ തുടര്‍ന്നാണ് ‘പദ്മാവതി’ എന്ന മുന്‍ പേര് മാറ്റി ചിത്രം ‘പദ്മാവത്’ ആയത്. മാലിക് മുഹമ്മദ് ജയസിയുടെ ‘പദ്മാവത്’ എന്ന രചനയാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനാധാരം. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമാണ് സുപ്രധാന വേഷങ്ങളില്‍.
ആഴ്ചകള്‍ക്കു മുന്‍പ് സെന്‍സര്‍ ബോര്‍ഡ് ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്‍കി ചിത്രത്തിന് അനുമതി നല്‍കിയിരുന്നു. സതി എന്ന ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രകീര്‍ത്തിക്കുകയോ ചെയ്യുന്നില്ലെന്നു എഴുതി കാണിക്കുകയും വേണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി നിര്‍മ്മാതാക്കളോടു ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റങ്ങളോടുകൂടിയായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക.