ജയ്‌പൂര്‍: രാജ്പുത് സമുദായത്തിന്റെ വീരത്വവും ധൈര്യവും ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണ് പത്മാവത് എന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ചിത്രം അധിക്ഷേപപരമാണെന്ന് കാട്ടി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരായ ഹര്‍ജി തളളിക്കൊണ്ടാണ് ജസ്റ്റിസ് മെഹ്തയുടെ പരാമര്‍ശം.
ചരിത്രത്തെ വളച്ചൊടിക്കുകയും രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും കാട്ടി ബന്‍സാലിക്കും, ദീപികയ്ക്കും രണ്‍വീര്‍ സിങ്ങിനും എതിരായി ഫയല്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നിരീക്ഷണം. ചിത്രത്തിന്റെ റിലീസിനായി സുപ്രീം കോടതി പറഞ്ഞത് പോലെ ആവശ്യമായ സുരക്ഷ രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റാണി പത്മിനിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടിയ ചിത്രം ചരിത്രം വളച്ചൊടിച്ചുവെന്നോ രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നോ പറയുന്നത് അടിസ്ഥാനരഹിതമാണെന്നും കോടതി പറഞ്ഞു. ‘ഇത് സംസ്ഥാനത്തിന്റെ ചരിത്രമാണ്. അതില്‍ നമ്മള്‍ അഭിമാനം കൊളളുകയാണ് വേണ്ടത്. എഫ്ഐആറില്‍ ആരോപിച്ചതിന് നേരെ എതിരാണ് ചിത്രത്തിലുളളത്. റാണി പത്മാവതിയെ ധീരയായിട്ടാണ് ചിത്രത്തില്‍ വരച്ചുകാട്ടുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ മഹത്തായ ചരിത്രമാണ് ചിത്രം പറയുന്നത്. അതിന് രാജ്യം മുഴുവനും അഭിമാനം കൊളളുകയാണ് വേണ്ടത്’, കോടതി നിരീക്ഷിച്ചു.
തിങ്കളാഴ്ച ജസ്റ്റിസ് മെഹ്തയ്ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയതിന് ശേഷമാണ് കേസ് പരിഗണിച്ചത്. എന്നാല്‍ കോടതിയുടെ പരാമര്‍ശത്തിന് ശേഷവും പ്രതിഷേധം തുടരുമെന്ന് കര്‍ണിസേന അറിയിച്ചു.