ഛണ്ഡീഗഡ്: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ‘പത്മാവദ്’ പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യാനിരുന്ന മാളിലാണ് പ്രദര്‍ശനം മുന്‍കൂട്ടി കണ്ട് അക്രമിസംഘം അടിച്ചു തകര്‍ത്തത്.

സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്‍റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ കുരുക്ഷേത്ര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദേശീയ തലത്തിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണി സേന പ്രവർത്തകർ വിവിധ ഇടങ്ങളിൽ റോഡ് ഉപരോധം നടത്തി.

ചിത്രത്തിന് രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചിത്രത്തിന്‍റെ പേരും വിവാദ രംഗങ്ങളും മാറ്റുന്നതടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും സര്‍ക്കാരുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ