ന്യൂഡല്‍ഹി : പത്മാവത് സിനിമ റിലീസ് ചെയ്യുന്നതിനെതിരായ പ്രതിഷേധം വ്യാപകമായി അക്രമാസക്തമായി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഹരിയാനയില്‍ സ്കൂള്‍ വാനിന് നേരെയും അക്രമമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എങ്കിലും കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ കേസേടുത്തിട്ടുണ്ട് എന്നാണ് പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.

ഗുജറാത്തില്‍ പ്രതിഷേധക്കാർ മൾട്ടിപ്ലെക്സുകളും മാളുകളും അടിച്ചു തകർത്തു. റോഡുകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ആകാശത്ത് വെടിവച്ചു. ഹിമാലയ മാളിനു മുന്നിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ രണ്ടു റൗണ്ട് പൊലീസ് ആകാശത്തേക്ക് വെടിവച്ചതായി അഹമ്മദാബാദ് പൊലീസ് കമ്മിഷണർ എ.കെ.സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അഹമ്മദാബാദിലെ മൂന്നു മാളുകളിലാണ് പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടത്. മാളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന 25-30 വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഇതിൽ കൂടുതൽ ഇരുചക്രവാഹനങ്ങളാണെന്ന് അഡീഷണൽ ചീഫ് ഫയർ ഓഫീസർ രാജേഷ് ഭട്ട് പറഞ്ഞു.

സൂറത്തിന്രെ ചില ഭാഗങ്ങളിലും അക്രമം ഉണ്ടായി. നോർത്ത് ഗുജറാത്തിലെ ഹെറാലുവിൽ പ്രതിഷേധക്കാർ ഹൈവേ ഉപരോധിച്ചു.

സംഭവത്തിനു ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് അന്വേഷണം തുടങ്ങിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞു. പൊലീസ് 30 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണി സേന നേതാക്കളുമായി സംസാരിച്ചിരുന്നു. അക്രമാസക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്. സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതിയുടെ ഉത്തരവിനെ സർക്കാർ അംഗീകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും ഒരുമിച്ച് ചേര്‍ന്നിട്ട് പോലും ഒരു സിനിമയെ റിലീസ് ചെയ്യുവാനും അത് സുരക്ഷിതമായി ഓടിക്കുവാനും പറ്റില്ല എങ്കില്‍ എങ്ങനെയാണ് നിക്ഷേപങ്ങള്‍ വരിക. വിദേശ നിക്ഷേപം മറന്നേക്കൂ. പ്രാദേശികരായ നിക്ഷേപകര്‍ വരെ ഇത്തരം സാഹചര്യത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയില്ല എന്നും. സാമ്പത്തിക ഘടനയേയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്ന് അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചു.

ഗുജറാത്തില്‍ സമാധാനപരമായി നീങ്ങാനാണ് പ്രതിഷേധക്കാർക്ക് നിർദേശം നൽകിയിട്ടുളളത്. പക്ഷേ അവരുടെ വികാരം നിയന്ത്രിക്കാനാവുന്നില്ല. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് താൻ വീണ്ടും അഭ്യർത്ഥിക്കുന്നതായി രജപുത്ര കർണിസേന ഗുജറാത്ത് മേധാവി രാജ് ശേഖാവത്ത് പറഞ്ഞു.

പത്മാവത് സിനിമയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും രാജ്യമാകെ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്ത സുപ്രീം കോടതി നടപടിക്കെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തളളിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തളളിയത്.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റും കോടതി അനുമതിയും സിനിമയ്ക്ക് ലഭിച്ചുവെന്ന് സർക്കാരും ജനങ്ങളും മനസ്സിലാക്കണം. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ട, പക്ഷേ സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കാനാവില്ല, ബെഞ്ച് വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ