അഹമ്മദാബാദ്: റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ‘പദ്മാവത്’ സിനിമയിലെ ‘ഘൂമർ’ ഗാനം കേൾപ്പിക്കരുതെന്ന് സ്കൂളുകൾക്ക് ഉത്തരവ്. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ 3 ജില്ലകളിലെ സ്കൂളുകൾക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്. ‘ഘൂമർ’  ഗാനം കേൾപ്പിക്കുകയോ നൃത്തപരിപാടികളിൽ ഗാനം ഉൾക്കൊളളിക്കുകയോ ചെയ്യരുതെന്നാണ് ജില്ലാ പ്രൈമറി ഏജ്യൂക്കേഷൻ സ്കൂളുകൾക്ക് നൽകിയിരിക്കുന്ന സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.

”’പദ്മാവത്’ സിനിമയുമായി ബന്ധപ്പെട്ടുളള വിവാദങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളിൽ നടക്കുന്ന കൾച്ചറൽ പരിപാടികളിൽ ‘ഘൂമർ’  ഗാനം ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ഗാനം ഉൾക്കൊളളിച്ചുളള പരിപാടികൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പെർഫോം ചെയ്യാൻ അനുവദിക്കരുത്. ‘ഘൂമർ’  ഗാനത്തെ ചൊല്ലി സ്കൂളുകളിൽ യാതൊരുവിധ പ്രശ്നവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം” മാഹിസാഗർ ജില്ലാ പ്രൈമറി എജ്യൂക്കേഷൻ സ്കൂളുകൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു. ഭാവ്നഗർ ജില്ലാ ജില്ലാ പ്രൈമറി എജ്യൂക്കേഷനും ഇതേ സർക്കുലർ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.

 

അതേസമയം, സർക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് മാഹിസാഗർ ജില്ലാ കലക്ടർ എം.ഡി.മോദിയ പറഞ്ഞു. ‘പദ്മാവത്’ സിനിമയിലെ ഗാനത്തിന് ഒരു പരിപാടിയിലും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുളള യാതൊരു ഉത്തരവും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ