ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ പദ്മാവത് എന്ന ചലച്ചിത്രം നിരോധിച്ചതിനെതിരെ ബോളിവുഡിലെ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ. പദ്‌മാവതി എന്ന പേരിട്ടിരുന്ന ചലച്ചിത്രം സെൻസർ ബോർഡിന്രെ നിർദ്ദേശപ്രകാരം പദ്‌മാവത് എന്നാക്കി മാറ്റിയിരുന്നു. സെൻസർ ബോർഡ് ചില മാറ്റങ്ങളോടെ പ്രദർശാനനുമതി നൽകിയിരുന്നു. അതിന് ശേഷവും നാല് സംസ്ഥാനങ്ങളാണ് ഈ ചിത്രത്തിന്രെ പ്രദർശനം തടഞ്ഞത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്‌ജിമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിലാണ് ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചത്.
ചൊവ്വാഴ്ച ഹരിയാന സംസ്ഥാനത്ത് പദ്‌മാവത് ചലച്ചിത്രം പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി അനിൽ വിജ് ആണ് മന്ത്രിസഭയിൽ നിരോധനത്തെ കുറിച്ചുളള ആവശ്യം മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അധ്യക്ഷനായ യോഗത്തിലാണ് ഈ തിരുമാനം ഉണ്ടായത്. ആരോഗ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയുൾപ്പടെയുളള മന്ത്രിസഭ പിന്തുണയ്ക്കുകയായിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പദ്‌മാത് പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരുന്നത്.
ജനുവരി 25 നാണ് ചലച്ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുളളത്. ഇതേസമയം ഈ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കമതാ പ്രസാദ് സിംഗൽ എന്ന വ്യക്തി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിൽ കേസ് നൽകി. 19-ാം നൂറ്റാണ്ടിൽ നിരോധിച്ച സമിതിയെ മഹത്തരമാക്കി ചിത്രീകരിക്കുന്നുവെന്ന് കാണിച്ചാണ് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ഈ ഹർജിയിൽ സിബിഎഫ്സി ചെയർമാൻ പ്രസൂൻ ജോഷിക്ക് നോട്ടീസ് അയച്ചു.
സിനിമയുമായി ബന്ധപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഈ കോടതി നവംബർ ഒമ്പതിന് തീർപ്പാക്കിയെങ്കിലും പരാതി സിബിഎഫ്സിക്ക് നൽകാമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.