റാത്ലാം: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമയിലെ ഗൂമർ ഗാനത്തിന് സ്കൂൾ വിദ്യാർഥികൾ നൃത്തം ചെയ്തതിനെ തുടർന്ന് രജപുത്ര കർണിസേന അംഗങ്ങൾ സ്കൂൾ അടിച്ചു തകർത്തു. മധ്യപ്രദേശിലെ സെന്റ് പോൾ കോൺവെന്റ് സ്കൂളിലാണ് സംഭവം.
ഒന്നു മുതൽ 5-ാം ക്ലാസ് വരെയുളള കുട്ടികളാണ് സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ ഗൂമർ ഗാനത്തിന് നൃത്തം ചെയ്തത്. പരിപാടി നടക്കുന്നതിനിടെയാണ് കർണിസേന പ്രതിഷേധവുമായി സ്കൂളിലെത്തി അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു.
രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചാണ് രജ്പുത്ര സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയിലെ രംഗങ്ങളെന്നായിരുന്നു കർണി സേനയുടെ പ്രധാന ആരോപണം. ദീപികയാണ് റാണി പത്മിനിയെ അവതരിപ്പിക്കുന്നത്. ഇതോടെ 2017ഡിസംബർ ഒന്നിന്നു നിശ്ചയിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റി. പ്രതിഷേധങ്ങൾ ശക്തമായതോടെ സിനിമയുടെ പേര് പത്മാവത് എന്നാക്കി മാറ്റി. പ്രതിഷേധങ്ങളെല്ലാം മറികടന്ന് ജനുവരി 25 ന് പത്മാവത് തിയേറ്ററുകളിൽ എത്തുകയാണ്.