ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് സിനിമയ്ക്ക് പാക്കിസ്ഥാനില്‍ പ്രദര്‍ശനാനുമതി. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് തലവന്‍ മൊബഷീര്‍ ഹസന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയെ മോശമായി ചിത്രീകരിക്കുന്നു എന്ന ആശങ്ക പാക്കിസ്ഥാനിലും നിലനിന്നിരുന്നതായി ചില വിതരണക്കാര്‍ അഭിപ്രായപ്പെട്ടു. രണ്‍വീര്‍ സിങാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിതരണക്കാര്‍ പറഞ്ഞു.

അതേസമയം, ചിത്രം ഇന്നാണ് ഇന്ത്യയിലെ തിയേറ്ററുകളിലെത്തിയത്. ഉത്തരേന്ത്യയില്‍ അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. പലയിടത്തും കല്ലേറും തീവയ്പും റോഡ് തടയലുമടക്കമുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വിദ്യാര്‍ഥികളുമായിപ്പോയ സ്‌കൂള്‍ ബസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. സിനിമ റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി 27 സ്ത്രീകള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രജപുത്ര സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook