ന്യൂഡൽഹി: 25,000 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചയാൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽനിന്നും പത്മശ്രീ ഏറ്റുവാങ്ങുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫൈസാബാദ് സ്വദേശിയായ മുഹമ്മദ് ഷരീഫും പത്മശ്രീ ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. 27 വർഷങ്ങൾക്കു മുൻപ് ഷരീഫിന് തന്റെ മകനെ നഷ്ടമായി. എന്നാൽ ഒരു മാസങ്ങൾക്കുശേഷമാണ് അദ്ദേഹം മകൻ മരിച്ച വിവരം അറിയുന്നത്. അന്നു മുതൽ അദ്ദേഹം അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി.

ശനിയാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് 140 പത്മ അവാർഡുകളുടെ പട്ടിക അംഗീകരിച്ചത്. ഇതിൽ 7 പത്മ വിഭൂഷൺ, 16 പത്മ ഭൂഷൺ, 118 പത്മ ശ്രീ അവാർഡുകളാണുളളത്. എല്ലാ വർഷവും മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും.

Read Also: ‘ഞാനൊരു മുസ്‌ലിം, എന്റെ ഭാര്യ ഹിന്ദു, എന്റെ കുട്ടികൾ ഹിന്ദുസ്ഥാൻ’

ഛണ്ഡിഗഡിലെ പിജിഐ ആശുപത്രിക്കു പുറത്ത് രോഗികൾക്കും മറ്റു പാവപ്പെട്ടവർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ജഗദീഷ് ലാൽ അഹൂജ, ജമ്മു കശ്മീരിൽനിന്നുളള സാമൂഹ്യപ്രവർത്തകനായ ജാവേദ് അഹമ്മദ് തക് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണ ഏഴുപേരാണ് പത്മവിഭൂഷൺ നേടിയത്. ഒന്നാം മോദി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അരുൺ ജെയ്‌റ്റ്‌ലിക്കും സുഷമ സ്വരാജിനും പത്മവിഭൂഷൺ ലഭിച്ചു. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ ലഭിച്ചത്. കായികരംഗത്തെ മികച്ച സംഭാവനകൾക്ക് മേരി കോമിനും പത്മവിഭൂഷൺ ലഭിച്ചു. 16 പേർക്കാണ് പത്മഭൂഷൺ ലഭിച്ചത്. കായികരംഗത്തു നിന്ന് പി.വി.സിന്ധുവിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook