scorecardresearch

‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കളരി പഠിപ്പിക്കും’; 93-ാം വയസ്സിൽ പത്മശ്രീ നേടിയ ശങ്കരനാരായണ മേനോൻ പറയുന്നു

“സർക്കാർ എന്നെ അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇത് അവസാനമല്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വിദ്യാർത്ഥികളെ പഠിപ്പിക്കും. ഇത് എന്റെ കടമയാണ്,” അദ്ദേഹം പറയുന്നു

‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം കളരി പഠിപ്പിക്കും’; 93-ാം വയസ്സിൽ പത്മശ്രീ നേടിയ ശങ്കരനാരായണ മേനോൻ പറയുന്നു

ആയോധനകലയിലെ സംഭാവനകൾക്ക് പത്മശ്രീ ലഭിച്ച 93-കാരനായ കളരിപ്പയറ്റ് വിദഗ്ധൻ ശങ്കരനാരായണ മേനോന്റെ റിപ്പബ്ലിക് ദിനം ആരംഭിച്ചത് എന്നത്തേയും പോലെ ഒരു സാധാരണ ദിനമായിട്ടായിരുന്നു. രാവിലെ 5 മണിക്ക് ഉറക്കമുണർന്ന്, കുടുംബക്കുളത്തിൽ കുളിച്ച്, മുറ്റത്തെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി, കളരിയിലേക്ക് (അരങ്ങിൽ) പ്രവേശിച്ചു, പിന്നെ അവിടെ അദ്ദേഹത്തെ കാത്തിരുന്ന വിദ്യാർത്ഥികൾക്ക് ഒപ്പം മനസിനും ശരീരത്തിനും വേണ്ടി മൂന്ന് മണിക്കൂറത്തെ കഠിനമായ പരിശീലനം. ഇതാണ് ഓർമ്മവെച്ചകാലം മുതലുള്ള അദ്ദേഹത്തിന്റെ പതിവ് രീതി.

ചൊവ്വാഴ്ച രാത്രി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ നേട്ടത്തിന് ചെറിയ രീതിയിലുള്ള അനുമോദനമൊക്കെ ലഭിക്കുന്നുണ്ടായിരുന്നു, എന്നാൽ അധിക ആഘോഷങ്ങളൊന്നും ഉണ്ടായില്ല. “സർക്കാർ എന്നെ അംഗീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇത് അവസാനമല്ല. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം വിദ്യാർത്ഥികളെ പഠിപ്പിക്കും. ഇത് എന്റെ കടമയാണ്,” അദ്ദേഹം തന്റെ വളരെ മൃദുവും എന്നാൽ വ്യക്തവുമായ ശബ്ദത്തിൽ പറയുന്നു.

ഇപ്പോൾ ദൈനംദിനം സങ്കീർണ്ണമായ കളരി അടവുകൾ കാണിക്കുന്നത് അദ്ദേഹത്തിന്റെ ശരീരത്തിന് താങ്ങാൻ കഴിയുന്നതല്ല. അതുകൊണ്ട്, തന്റെ പൂർവ്വികർ കൈമാറിയ വായ്ത്താരികൾ ചൊല്ലിക്കൊടുന്നതിലേക്ക് മാത്രമായി അദ്ദേഹം സ്വയം ഒതുങ്ങിയിരിക്കുകയാണ്.

എന്നിരുന്നാലും, “എല്ല് ഒടിയാതെയും പേശി വലിവില്ലാതെയും” തനിക്ക് ഇപ്പോഴും മിക്ക അടവുകളും ചെയ്യാൻ കഴിയുമെന്ന് മേനോൻ പറയുന്നു. “എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ മുതൽ ഞാൻ ഇത് പരിശീലിക്കുന്നു, അതിനാൽ ഇത് എന്റെ മനസ്സ് പോലെ എന്റെ ഭാഗമായി മാറി. ചില അടവുകൾ നന്നാക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പറയുന്നു.

കളരിപ്പയറ്റിൽ മെയ്‌വഴക്കത്തിന് പേരുകേട്ട ആളായിരുന്നു ശങ്കരനാരായണ മേനോനെന്ന് അദ്ദേഹത്തിന്റെ മകൻ കൃഷ്ണദാസ് പറയുന്നു: “ഞങ്ങൾ ഗുസ്‍തിക്കാരെപ്പോലെ വലിയ പേശികൾ ഉണ്ടാക്കാൻ നോക്കുന്നില്ല, പകരം ഞങ്ങൾക്ക് വഴക്കം നൽകുകയും റിഫ്ലെക്സുകളെ ശക്തമാക്കുകയും ചെയ്യുന്ന ഒതുക്കമുള്ള പേശികൾ ഉണ്ടാകാനാണ് ശ്രമിക്കുക. എന്റെ അച്ഛന് കളരിപ്പയറ്റിന്റെ തികഞ്ഞ ശരീരഘടനയുണ്ടായിരുന്നു, തുടക്ക കാലത്ത് അദ്ദേഹം, സമർത്ഥമായ ചുവടുകൾക്ക് പേരുകേട്ടിരുന്നു.”

മലപ്പുറം ജില്ലയിലെ തിരൂരിൽ മേനോൻ കളരിപ്പയറ്റിന്റെ ആദ്യ ചുവടുകൾ വെക്കുന്ന കാലം വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് പ്രാദേശിക തലവനായ വെട്ടത്തു രാജയുടെ സൈന്യത്തിൽ കമാൻഡർമാർ ഉണ്ടായിരുന്നു. അദ്ദേഹം യുദ്ധം ചെയ്യാൻ ചെയ്യാൻ പരിശീലിപ്പിക്കപ്പെട്ടു, ആയുധാഭ്യാസമെന്ന കല ആയിരുന്നില്ല. അക്കാലത്ത്, കളരിപ്പയറ്റ് അഭ്യാസികൾ സമ്പന്നരും ശക്തരുമായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം കുറഞ്ഞപ്പോഴും, അവർ രാജകീയ പരിലാളനത്തിൽ തഴച്ചുവളർന്നു.

എന്നാൽ നാട്ടുരാജ്യങ്ങളുടെ ശിഥിലീകരണവും പിന്നീട് രാജഭരണം നിർത്തലാക്കിയതും അവരുടെ ഉപജീവനം അപകടത്തിലാക്കി. താമസിക്കാതെ, കരാട്ടെ, കുങ്-ഫു തുടങ്ങിയ ആധുനിക ആയോധന കലാരൂപങ്ങൾ സംസ്ഥാനത്ത് പ്രചാരത്തിലാകാൻ തുടങ്ങി, കളരിപ്പയറ്റിന് അതിന്റെ വ്യാപ്തിയും അനുരണനവും നഷ്ടപ്പെട്ടു. കലയോട് സ്നേഹമുണ്ടായിരുന്നു, പക്ഷേ അത് അടുക്കളയിൽ തീ കത്താൻ ഉള്ളതാവില്ലായിരുന്നു.

എന്നാൽ മേനോനും കുടുംബവും തളർന്നില്ല. “എന്റെ അച്ഛൻ ഒരിക്കലും നിർത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അദ്ദേഹം തന്റെ അധ്യാപനത്തെ ദുർബലപ്പെടുത്തുകയോ ചെലവേറിയതാക്കുകയോ ചെയ്തില്ല. വിദ്യാർത്ഥിക്ക് താങ്ങാനാവുന്നത് മതി എന്നതാണ് അദ്ദേഹത്തിന്റെ തത്വം, ”കേരള കളരിപ്പയറ്റ് അസോസിയേഷന്റെ തലവനും മലയാള ചലച്ചിത്ര മേഖലയിലെ നിത്യഹരിത വിഭാഗമായ ആയോധന കലയുടെ കൺസൾട്ടന്റുമായ കൃഷ്ണദാസ് പറയുന്നു.

ഒരു രക്ഷാധികാരിയുടെ ക്ഷണപ്രകാരം 1957ലാണ് മേനോൻ തൃശൂർ ജില്ലയിലെ ചാവക്കാട്ടേക്ക് തന്റെ താവളം മാറ്റിയത്. ഇന്ന് അദ്ദേഹത്തിന്റെ വിദ്യാലയമായ വല്ലഭട്ട കളരിയിൽ, സായുധ പോരാട്ടത്തേക്കാൾ കാൽചലനങ്ങൾക്കും ശരീര ചലനങ്ങൾക്കും പ്രാധാന്യം നൽകുന്ന കടത്തനാടൻ ശൈലിയിലുള്ള പരിശീലനമാണ് നൽകുന്നത്. 137 വിദ്യാർത്ഥികളാണ് ഉള്ളത്. നിലവിൽ ബ്രസൽസിലും ആംസ്റ്റർഡാമിലും ഉൾപ്പെടെ രാജ്യത്തിന് പുറത്ത് 17 ശാഖകളും കേരളത്തിൽ ഇതിന്റെ ഇരട്ടി ശാഖകളുമുണ്ട്.

സംസ്ഥാനത്തെ ടൂറിസം കുതിച്ചുചാട്ടത്തോടെയാണ് ഭാഗ്യം വന്നതെന്ന് കൃഷ്ണദാസ് പറയുന്നു. “1980-കളുടെ മധ്യത്തിൽ, ബെൽജിയത്തിൽ നിന്ന് ഒരാൾ വന്നു, പിതാവിന്റെ കീഴിൽ വർഷങ്ങളോളം പരിശീലനത്തിന് ശേഷം വീട്ടിൽ പോയി സ്വന്തമായി ഒരു കേന്ദ്രം തുറന്നു. പിന്നെ കൂടുതൽ ആളുകൾ വരാൻ തുടങ്ങി. ഒരു പാരമ്പര്യമെന്ന നിലയിൽ, ഞങ്ങളുടെ കീഴിൽ പരിശീലനം നേടിയവരെ മാത്രമേ ലോകത്തെവിടെയും ശാഖകൾ തുറക്കാൻ ഞങ്ങൾ അനുവദിക്കൂ, ”അദ്ദേഹം പറയുന്നു.

മേനോന്റെ മക്കളും പരിചയസമ്പന്നരാണ്, ഇത് അദ്ദേഹത്തെ പഠിപ്പിക്കുന്നതിൽ നിന്ന് ഇടയ്ക്ക് ഇടവേള എടുക്കുന്നതിന് സഹായിച്ചു. എന്നാൽ തന്റെ കളരിയുടെ വാതിലിൽ മുട്ടുന്നവരെ സ്വയം പഠിപ്പിക്കണമെന്ന് ഉണ്ണി ഗുരുക്കൾ എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന മേനോൻ നിർബന്ധമുണ്ട്. “അവരെ തിരിച്ചയക്കുന്നത് ഞങ്ങളുടെ പാരമ്പര്യത്തിൽ ഇല്ല. അറിവിനായി വരുന്നവർക്ക് അറിവ് ലഭിക്കും, ”അദ്ദേഹം പറയുന്നു.

പുരാതന ആയോധന കലാരൂപമായ കളരി ഇന്ന് ലോകംമുഴുവൻ വ്യാപിച്ചിട്ടുണ്ട്, അതിന്റെ ഫ്യൂഡൽ പ്രതീകാത്മകതയെല്ലാം ഇന്ന് നഷ്ടപ്പെട്ടു, ഇപ്പോൾ രാജ്യത്ത് ഒരു കായിക വിനോദമായി കളരി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇതിനുള്ള അംഗീകാരമാണ് ഈ പത്മശ്രീ. പക്ഷേ, മേനോന് അവാർഡ് കിട്ടിയാലും ഇലെങ്കിലും എല്ലാ പ്രഭാതങ്ങളും പതിറ്റാണ്ടുകളായി തുടരുന്ന അതേ രീതിയിൽ തന്നെ ആയിരിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Padma shri at 93 kalari ace