ന്യൂഡല്‍ഹി: റിപബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിക്കും.
ബിപിന്‍ റാവത്തിന് പുറമെ പ്രഭ ആത്രേ, രാധേഷ്യാം ഖേംക, കല്യാണ്‍ സിങ് എന്നിവരേയും പത്മവിഭൂഷണ്‍ നല്കി ആദരിക്കും. പ്രഭ ആത്രേ ഒഴികെ മൂന്ന് പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നല്‍കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദ്, സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരടക്കം 17 പേരാണ് ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്. കലാരംഗത്ത് നിന്ന് വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചു. പ്രതിഭാ റായ്, സ്വാമി സച്ചിതാനന്ദ്, വശിഷ്ത് ത്രിപാതി എന്നിവരാണ് സാഹിത്യ വിഭാഗത്തില്‍ നിന്ന് പത്മഭൂഷണ്‍ പട്ടികയിലുള്ളത്.
നാല് മലയാളികള്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. ശോശമ്മ ഐപ്പിന് പുരസ്കാരം ലഭിച്ചു. സാഹിത്യ വിഭാഗത്തില്‍ കവിയും നിരൂപകനുമായ നാരായണക്കുറുപ്പും പുരസ്കാരാര്‍ഹനായി. കെ. വി. റബിയ (സാമൂഹ്യ പ്രവര്‍ത്തനം), ശങ്കരനാരായണ മേനോന് ചൂണ്ടയില്‍ (കായികം) എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 107 പേരെയാണ് പത്മശ്രീ പുരസ്കാരം നല്കി ആദരിക്കുന്നത്.
Also Read: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ പവിത്രമായ കടമ: രാഷ്ട്രപതി