ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾക്കായ് കേന്ദ്രം മമ്മൂട്ടിയേയും എംടിയേയും പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ മമ്മൂട്ടിയുടെയും എംടിയുടെയും പേരുണ്ടായിരുന്നെങ്കിലും കേന്ദ്രം ആ പട്ടിക പൂർണമായും തള്ളി കളഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എംടി വാസുദേവൻ നായർ, കലാമണ്ഡലം ഗോപി ആശാൻ, മമ്മൂട്ടി, സുഗതകുമാരി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരാണ് പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചത്. അഞ്ചുപേരെയും എംടിയുടെ പേര് പത്മവിഭൂഷണിനു വേണ്ടിയും മറ്റുള്ളവരെ പത്മഭൂഷണിനു വേണ്ടിയുമാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്. എന്നാൽ ഇവരെ തള്ളി കളഞ്ഞ് ആത്മീയരംഗത്ത് നിന്ന് മുംതാസ് അലിയ്ക്കും, നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവമേനോനും (മരണാനന്തര ബഹുമതി) പത്മഭൂഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാൽ, സാമൂഹ്യ പ്രവർത്തകൻ എം കെ കുഞ്ഞോൾ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും നൽകി.
Read more: ‘പേരന്പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്കാരം
കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാർ, പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളിൽ പ്രശസ്തരായ നാല് മുതൽ ആറ് വരെ അംഗങ്ങളെ ചേർത്താണ് പത്മ അവാർഡ് കമ്മിറ്റി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ കമ്മറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പരിഗണിച്ച് അതിൽ നിന്നും തിരഞ്ഞെടുത്ത പേരുകൾ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് പതിവ്. എന്നാൽ മമ്മൂട്ടിയുടെയും എംടിയുടെയും പേര് ഇതിനായി പരിഗണിക്കപ്പെട്ടില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്.