ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനിതയുടെ മരണത്തിൽ അനുശോചിക്കാൻ ഒത്തുകൂടിയ സിനിമ സദസ്സിൽ പൊട്ടിത്തെറിച്ച് സംവിധായകൻ പാ രഞ്ജിത്ത്. മറ്റൊരു സംവിധായകനായ അമീർ സുൽത്താൽ പ്രസംഗിക്കുന്നതിനിടെ വേദിയിൽ കയറി മൈക്ക് തട്ടിപ്പറിച്ച് കൊണ്ടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

അമീർ സുൽത്താന്റെ ദലിതരെ കുറിച്ചുള്ള പരാമർശമാണ് രഞ്ജിത്തിനെ ചൊടിപ്പിച്ചത്. വീണ്ടും വീണ്ടും ദലിതരെന്ന് പറയുകയല്ല, ജാതീയമായ വേർതിരിവുകളെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നായിരുന്നു രഞ്ജിത്ത് വേദിയിൽ കയറി പറഞ്ഞത്. ഇടയ്ക്ക് രഞ്ജിത്തിനെ ശാന്തനാക്കാൻ ശ്രമിച്ച അമീറിനെ തള്ളി മാറ്റി മൈക്കില്ലാതെയും സദസ്സിലിരിക്കുന്നവരുടെ നേർക്ക് രഞ്ജിത്ത് ചോദ്യ ശരങ്ങളെയ്തു.

“ജാതി വേർതിരിവില്ലാത്ത ഒരു ഗ്രാമത്തെയെങ്കിലും തമിഴ്നാട്ടിൽ കാണിച്ച് താ” എന്ന് പാ രഞ്ജിത്ത് അമീറിനെ വെല്ലുവിളിച്ചു. “ജാതി വിഭജനമില്ലാത്ത, ചേരിയില്ലാത്ത ഒരു ഗ്രാമത്തെയെങ്കിലും കാണിക്ക്. ഞാനിന്നും ചേരിയിലാണ് ജീവിക്കുന്നത്. ഇതൊന്നുമില്ലാത്ത ഗ്രാമത്തെ കാണിച്ച് താ, എന്നിട്ട് പറയാം”, പൊട്ടിത്തെറിച്ചുള്ള പാ രഞ്ജിത്തിന്റെ മറുപടിയെ സദസ്സ് കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

“ഇനിയും പ്രതിഷേധിക്കാതെ എത്ര കാലമാണ് നിങ്ങൾ കൂത്താടികളെ പോലെ ജീവിക്കാൻ പോകുന്നത്? തമിഴ് തമിഴ് എന്ന് ആർക്ക് വേണ്ടിയാണ് നിങ്ങൾ പറയുന്നത്. തമിഴ് തമിഴ് എന്ന് പറഞ്ഞ് എത്ര നാളാണ് നിങ്ങൾ മുന്നോട്ട് പോവുന്നത്?”

“ഇവിടെ ഓരോ തെരുവിനും ഓരോ ജാതിയുണ്ട്. ഓരോ ഗ്രാമത്തിലും ജാതികളുണ്ട്. ഇതല്ല വേണ്ടത്. തമിഴ് ജനത ജാതി കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുകയാണ്. ഒരുമിച്ച് നിൽക്കണം. ഒരുമയോടെ മുന്നോട്ട് പോകണം.” പാ രഞ്ജിത്ത് ക്ഷുഭിതനായി പറഞ്ഞു.

ഇതിനിടെ രഞ്ജിത്തിനെ ശാന്തനാക്കാൻ മൈക്ക് തിരികെ വാങ്ങി സംസാരിച്ച അമീർ സുൽത്താൽ, ഇത്തരം വേർതിരിവുകളിൽ നിന്ന് പുറത്ത് കടന്നവരാണ് തങ്ങളെന്ന് പറഞ്ഞു. എന്നാൽ അതും രഞ്ജിത്തിനെ കൂടുതൽ ചൊടിപ്പിച്ചു. “ആരും രക്ഷപ്പെട്ടിട്ടില്ല. ജാതീയമായ വിഭജനങ്ങളിൽ നിന്ന് ഇതുവരെ ആരും രക്ഷപ്പെട്ടിട്ടില്ലെ”ന്ന് അമീറിന്റെ പ്രസംഗത്തെ മുറിച്ച് പാ രഞ്ജിത്ത് ഉറക്കെ വിളിച്ചു പറഞ്ഞു.

“ഓരോ ജാതിക്കാർക്കും ഓരോ തരം വീടാണ്. വീട് പണിയുന്നതിൽ, ഭക്ഷണം കഴിക്കുന്നതിൽ എല്ലാ കാര്യത്തിലും വിഭജനം ഉണ്ട്. ഇത്തരം വിഭജനം ഇല്ലാതെ ഒന്നുമില്ല ഇവിടെ. നമ്മുടെ മക്കൾക്ക്, ഒപ്പമുള്ളവർക്ക്, എല്ലാവർക്കും ഈ കാര്യത്തെ കുറിച്ച് നമ്മളാണ് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടത്.” രഞ്ജിത്ത് തുടർന്ന് പറഞ്ഞു.

“എന്റെ നാട്ടിൽ, എന്റെ ഗ്രാമത്തിൽ ഞാനാരാണെന്ന് തീരുമാനിക്കുന്നതും, എന്താണെന്ന് തീരുമാനിക്കുന്നതും ഉയർന്ന ജാതിക്കാരാണ്. എനിക്കിനിയും ജാതിയുടെ പിടിയിൽ നിന്ന് മോചനം ലഭിച്ചിട്ടില്ല” അദ്ദേഹം പറഞ്ഞു.

“ജാതിയാൽ വിഭജിക്കപ്പെട്ടതാണ് ഈ സമൂഹം. ജാതിമറന്ന് ഒന്നിക്കണമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്”, എന്ന് വ്യക്തമാക്കിയാണ് പാ രഞ്ജിത്ത് പ്രസംഗം അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ