ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വരയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ബെംഗളൂരു യൂണിവേഴ്‌സിറ്റി ക്യാംപസിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 30 ഇടങ്ങളിലായിരുന്നു റെയ്ഡ്. രമേശിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

റെയ്ഡില്‍ 100 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരമേശ്വരയുടേയും കോണ്‍ഗ്രസ് നേതാവ് ആർ.എൽ.ജാലപ്പയുടേയും ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജുകളിലെ സീറ്റുകള്‍ ക്രമവിരുദ്ധമായി അനുവദിച്ചതിലൂടെ 100 കോടി നേടിയെന്നാണു കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook