ന്യൂഡല്‍ഹി: കായികതാരം പി ടി ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. ജീവകാരുണ്യപ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭാംഗങ്ങളായി നാമനിർദേശം ചെയ്തു.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണു നോമിനേറ്റ് ചെയ്യപ്പെട്ടവര്‍.
”എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണു പി ടി ഉഷ. കായികരംഗത്തെ ഉഷയുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുമ്പോള്‍ തന്നെ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്‌ലറ്റുകള്‍ക്കു വഴികാട്ടിയാവുന്ന പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട ഉഷയ്ക്ക് അഭിനന്ദനങ്ങള്‍,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
തന്നോടൊപ്പമുള്ള ഉഷയുടെ ചിത്രം പങ്കു വച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഇളയരാജയെ അഭിനന്ദിച്ചുകൊണ്ടും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സംഗീതരംഗത്തെ അതുല്യപ്രതിഭയായ ഇളയരാജ വര്‍ഷങ്ങളായി തലമുറകളെ ആകര്‍ഷിച്ചിട്ടുണ്ട്. എളിയ പശ്ചാത്തലത്തില്‍നിന്ന് ഉയര്‍ന്നു വന്ന് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹം രാജ്യസഭയിലേക്കു നാമനിര്‍ദേശം് ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.