ന്യൂഡൽഹി: ആധാറിനെ ചൊല്ലി മുൻ ധനമന്ത്രി പി.ചിദംബരവും ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയും തമ്മിൽ പൊതുവേദിയിൽ വാക്കു തർക്കം. ആധാർ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്ന് ചിദംബരം; എന്നാൽ അതല്ല ഓരോ വ്യക്തിയെയും അടയാളപ്പെടുത്തുന്നതിനു ആവശ്യമായ ഉപകരണം ആണ് ആധാറെന്ന് നാരായണ മൂർത്തി. മുംബൈ ഐഐടി സംഘടിപ്പിച്ച ‘മൂഡ് ഇൻഡിഗോ ഫെസ്റ്റിവലി’ന്റെ ഭാഗമായി നടന്ന ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

“സർക്കാരിനു ബന്ധമില്ലാത്ത വ്യക്തിയുടെ പ്രവത്തനങ്ങളുമായി ആധാറിനെ ബന്ധിപ്പിക്കേണ്ടതില്ല.”ചിദംബരം അഭിപ്രായപ്പെട്ടു.

“സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമ നിർമാണം നടത്താൻ പാർലമെന്റ് തുനിഞ്ഞില്ല എന്ന കാരണം കൊണ്ട് ആധാർ റദ്ദാക്കേണ്ട കാര്യമില്ല “. നാരായണ മൂർത്തി തിരിച്ചടിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടക്കുന്നില്ലെന്നും, ഡാറ്റബേസ് ഹാക്ക് ചെയ്യുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടത് സർക്കാരാണെന്ന് മൂർത്തി കൂട്ടിച്ചേർത്തു .

ആധാർ അത്യാവശ്യ മേഖലയിൽ മാത്രം ഒതുങ്ങേണ്ട ഒന്നാണ്. വ്യക്തിയുടെ സ്വത്വം തിരിച്ചറിയുന്നതിനോ, സർക്കാർ സബ്സിഡിയുമായി ബന്ധപ്പെട്ടോ ആധാർ ആവശ്യമായി വരും. എന്നാൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തിനാണ് ആധാർ എന്ന് ചിദംബരം ചോദിച്ചു. ഡാറ്റാ ബേസിൽ കടന്നു കയറി ആരെങ്കിലും എന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും ചോർത്താൻ അത് സഹായിക്കും. ഓർവെല്ലിൻ ഭരണത്തെയാണ് അതോർമിപ്പിക്കുന്നതെന്നു ചിദംബരം പറഞ്ഞു. നമ്മുടേത് സ്വതന്ത്ര ജനാധിപത്യ രാജ്യമാണ് – ചിദംബരം ചൂണ്ടിക്കാട്ടി. ഒരാളുടെ സ്വകാര്യത അയാളുടേത് മാത്രമായിരിക്കുമ്പോഴാണ് രാജ്യത്തിന് സ്വതന്ത്ര രാഷ്ട്രത്തിന്റെ സ്വഭാവം കൈവരുന്നത്. ഒരാൾ ഏതു മരുന്ന് വാങ്ങുന്നു, ഏതു സ്ത്രീയുടെ കൂടെ ഒഴിവുകാലം ആസ്വദിക്കുന്നു എന്നുള്ള കാര്യങ്ങൾ സർക്കാർ അറിയേണ്ടതില്ല – ഒരു സ്വതന്ത്ര രാജ്യത്തിൽ പ്രത്യേകിച്ചും- ചിദംബരം വാദിച്ചു.

ഇത് കേൾക്കെ നാരായണ മൂർത്തി പറഞ്ഞു ” ഞാൻ നിങ്ങളോട് വിയോജിക്കുന്നു. താങ്കൾ പറഞ്ഞ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഗൂഗിളിൽ ലഭ്യമാണ്. വ്യക്തികളെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടു ഇന്ത്യക്കൊരു സംവിധാനം ആവശ്യമായി വേണ്ട സമയമാണിത്. എല്ലാ വികസിത രാജ്യങ്ങളിലും പൗരന് സാമൂഹ്യ സുരാക്ഷാ നമ്പറുണ്ട്. അവിടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നു കയറ്റവുമില്ല. ആധാർ ഡാറ്റ ബേസ് മരുന്നിന്റെ രേഖകളൊന്നും സൂക്ഷിക്കാറില്ല. സ്വകാര്യത സുരക്ഷാ നിയമം നിർമ്മിക്കേണ്ടത് പാർലമെന്റാണ് “.

യുപിഎ സർക്കാർ ആധാർ അവതരിപ്പിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ആധാറിനെ താനും പിന്തുണക്കുന്നതായി ചിദംബരം പറഞ്ഞു. ആധാറിനെ മറ്റു മേഖലകളുമായി ബന്ധിപ്പിക്കുന്നതിനോട് മാത്രമാണ് തനിക്കു വിയോജിപ്പെന്ന് ചിദംബരം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനെ നാരായണ മൂർത്തി പിന്താങ്ങി “അതൊരു പ്രധാനപ്പെട്ട സംഗതിയാണ്..കാരണം നാളെ നിങ്ങൾക്കൊരു നിയമ വിരുദ്ധ ഇടപാട് നടത്താൻ സാധിക്കില്ല “.

“ബാങ്കുകളിൽ ‘ഉപഭോക്താവിനെ അറിയുക ‘ (know your customer) സംവിധാനം ഇപ്പോഴുമുണ്ട്. ആധാർ ബന്ധിപ്പിക്കുന്നത് നിങ്ങളുടെ എല്ലാ ഇടപാടുകളും സർക്കാർ അറിയുന്നതിലേക്കുള്ള ആദ്യ ചുവടാണ്. സർക്കാരിൽ പങ്കാളിയായിരുന്ന ഒരാളാണ് ഞാൻ എന്നതുകൊണ്ട് പറയട്ടെ ഒരു പൗരൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അറിയണമെന്ന പ്രലോഭനത്തിൽ നിന്ന് ഞാൻ വിട്ടു നിൽക്കും” – ചിദംബരത്തിന്റെ മറുപടി.

ഇതുവരെ മുൻ കേന്ദ്ര മന്ത്രിയായ ചിദംബരം ആധാർ മറ്റൊന്നുമായും ബന്ധിപ്പിച്ചിട്ടില്ല. ആധാർ ബന്ധിപ്പിക്കുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ വിധി പറയുന്നത് വരെ നിർത്തി വയ്ക്കണമെന്നാണ് ചിദംബരത്തിന്റെ അഭിപ്രായം. “ഇന്ത്യയിൽ മറ്റൊരാളുടെ ടെലിഫോൺ ചോർത്തുന്നതിന് അനുമതി നൽകാൻ ഒരാൾക്കേ അധികാരമുള്ളൂ , അത് ഹോം സെക്രട്ടറിക്കാണ്..പക്ഷെ നിങ്ങൾക്കറിയാമോ നിയമ വിരുദ്ധമായി എത്ര സ്ഥാപനങ്ങൾ ടെലിഫോൺ ചോർത്തുന്നുണ്ടെന്ന്?. പാർലമെന്റ് സ്വകാര്യതയുടെ നിയമ നിർമാണം നടത്തട്ടെ ..എന്നാൽ നമ്മുടെ വിവരങ്ങൾ ചോർത്തപ്പെടാൻ ആധാർ എന്ന പൊതു മാധ്യമം നിർമിച്ചു നൽകേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.” ചിദംബരം പറഞ്ഞു .

സൂര്യന് കീഴെയുള്ള എന്തുമായും ആധാർ ബാധിപ്പിക്കുന്നതിനെതിരെ വാദിക്കുമ്പോൾ സർക്കാർ ഒന്നും ചെവികൊള്ളുന്നില്ലെന്നു ചിദംബരം കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ