ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് തിഹാര്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍. ഇന്നലെയാണ് ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 19 വരെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുക. ഇത്രയും നാള്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും.
തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിന് ഒരുക്കിയിരിക്കുന്നത്.
Read Also: അഞ്ച് ശതമാനം…ജിഡിപി അഞ്ച് ശതമാനമാണ്; സർക്കാരിനെ ട്രോളി ചിദംബരം
ആറ് പുതപ്പുകളാണ് ഇന്നലെ രാത്രി ചിദംബരത്തിന് നല്‍കിയത്. തിഹാര്‍ ജയിലിലെ അധികൃതര്‍ പറഞ്ഞതനുസരിച്ച് മൂന്ന് പുതപ്പുകള്‍ കട്ടിലിന് മുകളില്‍ വിരിക്കാനാണ്. റൂമില്‍ ഒരു ഫാനും വെസ്റ്റേണ്‍ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. സെല്ലിനുള്ളില്‍ ചിദംബരം മാത്രമാണുള്ളത്. മകന്‍ കാര്‍ത്തി ചിദംബരം അഴിമതി കേസില്‍ പെട്ട് അറസ്റ്റിലായപ്പോഴും ഇതേ സെല്ലില്‍ തന്നെയായിരുന്നു 12 ദിവസം കഴിഞ്ഞത്. കോടതി നിര്‍ദേശം പ്രകാരമാണ് ചിദംബരത്തിന് പ്രത്യേക സുരക്ഷ ഒരുക്കിയിരിക്കുന്നത്.
800 തടവുകാരാണ് ജയില്‍ നമ്പര്‍ ഏഴില്‍ ഉള്ളത്. ജയിലിലേക്ക് മരുന്നുകളെല്ലാം കൊണ്ടുപോകാന്‍ കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ തടവുകാര്‍ക്കായി ചായയും രണ്ട് ബിസ്‌ക്കറ്റും നല്‍കും. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ സമയത്ത് ലൈബ്രറിയില്‍ പേകാനും മുറ്റത്ത് ഉലാത്താനും സൗകര്യമുണ്ട്. ജയില്‍ അധികാരിയുടെ അനുമതിയോടെ ചിദംബരത്തിന് വീട്ടില്‍ നിന്ന് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ കൊണ്ടുവരാനും വായിക്കാനും സാധിക്കും. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
Read Also: സ്വയം വാദിക്കണമെന്ന് ചിദംബരം; പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, കോടതിയില്‍ നാടകീയ രംഗങ്ങള്‍
രാവിലെ 10.30 നും 11.30 ഇടയിലായിരിക്കും ചിദംബരത്തിന് ഉച്ചഭക്ഷണം നല്‍കുക. അതിനു ശേഷം 12.30 മുതല്‍ 3.30 വരെയുള്ള സമയത്ത് ചിദംബരത്തെ സെല്ലില്‍ അടയ്ക്കും. ഉച്ചകഴിഞ്ഞ് 3.30 ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. ഈ സമയത്ത് സഹതടവുകാര്‍ക്കൊപ്പം കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം. വൈകീട്ട് 6.45 ഓടെ അത്താഴം നല്‍കും. പിന്നീട് രാത്രി ഒന്‍പത് വരെ ചിദംബരത്തിന് ടിവി കാണാന്‍ അനുമതിയുണ്ട്. ഒന്‍പതിന് ശേഷം തടവുകാരെ സെല്ലില്‍ അടയ്ക്കുകയാണ് പതിവ്.
റൊട്ടിയും ദാലും ചോറുമാണ് പ്രധാന ഭക്ഷണം. ജയില്‍ കാന്റീനിൽ നിന്ന് കുടിവെള്ളം വാങ്ങാന്‍ അനുമതിയുണ്ട്. ജയില്‍ സ്റ്റേഷനറിയില്‍ നിന്ന് പേനയും പേപ്പറും വാങ്ങാന്‍ സാധിക്കും. ചിദംബരത്തിന് ജയില്‍ ലൈബ്രറിയില്‍ പ്രവേശിക്കാനും വായിക്കാനും അനുമതിയുണ്ട്. വേണമെങ്കില്‍ വീട്ടില്‍ നിന്നുള്ള വസ്ത്രങ്ങളും ചിദംബരത്തിന് ഉപയോഗിക്കാം.