നോട്ടുനിരോധനം; ‘എലിയെ പേടിച്ച് ഇല്ലം ചുടല്‍’: ചിദംബരം

ഇന്ത്യയിലുള്ളത് കള്ളപ്പണമേയല്ല എന്നും നികുതി വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്ന ഒരു ‘ നിഴല്‍ സമ്പദ് വ്യവസ്ഥ’ ആണ് അത് എന്നും വിശദീകരിച്ച മുന്‍ ധനകാര്യമന്ത്രി കാര്യക്ഷമമായ നികുതി സംവിധാനമാണ് അത് തടയാനുള്ള മാര്‍ഗമെന്നും പറഞ്ഞു

രാജ്കോട്ട് : നോട്ടുനിരോധനത്തിന്‍റെയും ചരക്കുസേവന നികുതിയുടെയും പേരില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. നോട്ടുനിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യയുടെ സാമ്പത്തികാടിത്തറ തകര്‍ത്തു. ഈ നടപടികൾ കാരണം  ചെറുകിട വ്യവസായങ്ങള്‍ തകരുന്നതായും രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാജ്കോട്ടില്‍ നടന്ന ‘സംവാദ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

നോട്ടുനിരോധനത്തെ ധീരമായ കാല്‍വെയ്പ്പായല്ല മറിച്ച് വീണ്ടുവിചാരമില്ലാത്ത നടപടിയായാണ് കാണേണ്ടത് എന്നും ചിദംബരം പറഞ്ഞു. ” എന്താണ് ധീരമായ കാല്‍വെയ്പ് ? ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നത് ധീരമായ കാല്‍വെയ്പ്പാണോ ? നിങ്ങളതിനെ സ്വാഗതം ചെയ്യുമോ ? ആത്മഹത്യ ചെയ്യുവാനും ധൈര്യം വേണം. ഞാനതിനെ വിശേഷിപ്പിക്കുക വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നാണ്. നോട്ടുനിരോധനം ജീവിതങ്ങള്‍ തകര്‍ത്തു. രണ്ടും മൂന്നും മാസമാണ് ലക്ഷക്കണക്കിനു ജനങ്ങള്‍ നോട്ടുകള്‍ മാറാനായി വരിനിന്നത്. ഏതാണ്ട് 140പേരാണ് മരിച്ചത്. മരപ്പണിക്കാരും, റിക്ഷാക്കാരും, പ്ലംബറും തുടങ്ങി ദിവസവേതനത്തില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് രണ്ടുമാസത്തോളം പണിയില്ലാതായി. നോട്ടുനിരോധനം വിഡ്ഢിത്തമാണ്.” ചിദംബരം പറഞ്ഞു.

‘നോട്ടുനിരോധനം ലക്ഷ്യംവെച്ചു എന്ന് പറയുന്ന കള്ളപ്പണത്തോടോ ഭീകരവാദത്തോടോ  പൊരുതുന്നതില്‍ പരാജയപ്പെട്ടു  ഇന്ത്യയിലുള്ളത് കള്ളപ്പണമേയല്ല എന്നും നികുതി വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്ന ഒരു ‘ നിഴല്‍ സമ്പദ് വ്യവസ്ഥ’ ആണ് അത് ‘ ചിദംബരം പറഞ്ഞു.

‘നിഴല്‍ സമ്പദ് വ്യവസ്ഥയെ’നിയന്ത്രിക്കാന്‍ നികുതി വ്യവസ്ഥ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട് എന്നും മുന്‍ ധനകാര്യമന്ത്രിയായ ചിദംബരം പറഞ്ഞു. ” നിഴല്‍ സമ്പത്ത് വ്യവസ്ഥയ്ക്കുള്ള ഉത്തരം കാര്യക്ഷമമായ നികുതി സംവിധാനമാണ്. ക്രൂരമായ നികുതി നിരക്കുകള്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ അത് ഒഴിവാക്കും. അങ്ങനെ വരുമ്പോള്‍ എന്തിനാണ് ഞാന്‍ നികുതി കൊടുക്കേണ്ടത് എന്നാവും ജനങ്ങള്‍ ചോദിക്കുക. നികുതി വ്യവസ്ഥ സൗഹൃദപരമാക്കുകയാണ് എങ്കില്‍ അവര്‍ എല്ലാവരും നികുതിയടക്കും. അതിന്‍റെ ഉത്തരം നോട്ടുനിരോധനമല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണിത്. ” ചിദംബരം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വികസന വാദത്തെയും ചിദംബരം പരിഹസിച്ചു. ” ജനങ്ങള്‍ വളര്‍ച്ചയെ കുറിച്ച് പറയുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവാതെ എങ്ങനെയാണ് വികസനം സംഭവിക്കുക ? ” എന്നായിരുന്നു ചിദംബരത്തിന്‍റെ ചോദ്യം.

തെറ്റായ മുൻഗണനകളാണ് എൻ.ഡി.എ ഗവൺമെൻറിന്രേത് എന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ” അവര്‍ മുംബൈയില്‍ നിന്നും അഹമദബാദ് വരെയുള്ള ബുള്ളറ്റ് ട്രെയിനിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും. എത്ര പേരാണ് അതില്‍ സഞ്ചരിക്കുക. മുന്നൂറോ നാന്നൂറോ? എന്തുകൊണ്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും കക്കൂസ് പണിയുന്നത്തിനും പുതിയ ടീച്ചര്‍മാരെ കൊണ്ടുവരുന്നതിനുമായി ഓരോ കോടി രൂപ വീതം ഓരോ സ്കൂളിനും നല്‍കികൂടാ? നമ്മുടെ മുന്‍ഗണന വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയ്ക്ക് ആവണം. ഒന്നുമില്ലെങ്കില്‍ നിലനില്‍ക്കുന്ന റെയില്‍വേ മെച്ചപ്പെടുത്താനും വൃത്തിയാക്കുവാനുമായി ആ തുക ഉപയോഗിക്കാമായിരുന്നു. ചിദംബരം പറഞ്ഞു. പദ്ധതിക്കായി ജപ്പാന്‍ വായ്പ നല്‍കുന്നുണ്ട് എന്ന് സമ്മതിക്കുമ്പോഴും ഏതെങ്കിലും കാലത്ത് ഇന്ത്യയ്ക്ക് അത് തിരിച്ചടക്കേണ്ടി വരുമെന്നും ചിദംബരം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: P chidambaram demonetisation gst congress bjp narendra modi indian economy

Next Story
വൃന്ദാവനും ബര്‍സാനയും പവിത്രമായ സ്ഥലങ്ങള്‍, മാംസവും മദ്യവും പാടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍liquor, liquor ban, bar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express